ആശ്വാസകിരണം പദ്ധതി; പരസഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്ന നിർദ്ധനരെ പരിചരിക്കുന്നവർക്കുള്ള ആനുകൂല്യം നിലച്ചിട്ട് മാസങ്ങൾ

തിരുവനന്തപുരം: പരസഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്ന നിർദ്ധനരെ പരിചരിക്കുന്നവർക്കുള്ള ആനുകൂല്യം നിലച്ചിട്ട് മാസങ്ങൾ. ആശ്വാസകിരണം പദ്ധതിയിലൂടെ പ്രതിദിനം ഇരുപത് രൂപവച്ച് മാസം ലഭിക്കേണ്ട വെറും 600 രൂപയാണ് മുടങ്ങിയിരിക്കുന്നത്. 1.15 ലക്ഷം പേർക്കായി 12.5 കോടിയോളം രൂപയാണ് നൽകേണ്ട കുടിശ്ശിക.

ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. അതോടെ 40 മാസ കുടിശികയിൽ 13 മാസത്തേത് കഴിഞ്ഞ ഓണത്തിന് നൽകി. പിന്നീട് ഒരനക്കവും ഉണ്ടായില്ല. 2010ൽ സാമൂഹ്യ നീതിവകുപ്പാണ് പദ്ധതി നടപ്പാക്കിയത്. കിടപ്പുരോഗികൾക്ക് സഹായികൾ അനിവാര്യമായതിനാൽ അവർക്കു നൽകാൻ വേണ്ടിയായിരുന്നു പദ്ധതി.

ഇതിൽ നിന്ന് പരമാവധി ആൾക്കാരെ ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. 2018 നു ശേഷം പുതിയ അപേക്ഷ സ്വീകരിച്ചിട്ടില്ല. 80000 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. എല്ലാ വർഷവും ജൂണിൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് ഈ വർഷം വാങ്ങിയിട്ടില്ല. പദ്ധതി നിർത്തുമോയെന്നാണ് കിടപ്പു രോഗികളുടെ ആശങ്ക.