പാലക്കാട്: ഒറ്റപ്പാലത്തെ കോടതി സമുച്ചയം പൊളിക്കാതെ പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പ് ശുപാർശ നൽകി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ.പി.മോഹൻദാസ് തിരുവനന്തപുരത്തെ ആർട് ആൻഡ് ഹെറിറ്റേജ് കമ്മിഷനും പാലക്കാട് കളക്ടർക്കും ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു.
സ്വാതന്ത്ര്യസമര കാലത്തോളം പഴക്കമുള്ള കെട്ടിടമാണിത്. ക്ഷയിച്ചുതുടങ്ങിയ കെട്ടിടം പൊളിച്ച് 23.35 കോടി ചെലവിൽ ഏഴു നിലകളുള്ള കോടതി സമുച്ചയം നിർമ്മിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം പഴയ കോടതി കെട്ടിടം പൊളിക്കരുതെന്ന് വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. നൂറു വർഷമോ അതിൽ അധികമോ പഴക്കമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കണമെന്നാണ് പുരാവസ്തു സംരക്ഷണ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
1921 ഏപ്രിൽ 23 ന് ആദ്യ കെ.പി.സി.സി സമ്മേളനം നടന്നത് ഒറ്റപ്പാലത്തായിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തത് ഒറ്റപ്പാലത്തെ കോടതിയിലായിരുന്നു. അയ്യായിരത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ആദ്യ കെ.പി.സി.സി സമ്മേളനത്തിന്റെ നൂറാം വാർഷികവേളയിൽ തന്നെ കോടതി സമുച്ചയം പൊളിക്കുന്നതിനെതിരെ വിമർശനം ശക്തമാണ്.
1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഒറ്റപ്പാലം ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് കമ്പനിക്ക് കീഴിലായതിന് ശേഷം ബ്രിട്ടീഷുകാർ ചെർപ്പുളശ്ശേരി ആസ്ഥാനമാക്കി കോടതി ആരംഭിക്കുകയും ചെയ്തു. ജസ്റ്റിസ് മാധവൻ നായർ, എഴുത്തുകാരനായിരുന്ന ജസ്റ്റിസ് ഒയ്യാരത്ത് ചന്തുമേനോൻ, ജസ്റ്റിസുമാരായ ഫാത്തിമ ബീവി, പി.ജാനകി അമ്മ, എ.ഹരിപ്രസാദ് തുടങ്ങി പ്രമുഖ ന്യായാധിപന്മാരും അഭിഭാഷകരും ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്.

