തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വൈകും

adani

ന്യൂഡല്‍ഹി: രണ്ടാം തരംഗം മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത് വൈകും. 2021 ജനുവരി 19 ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ആറ് മാസത്തിനുള്ളില്‍ തിരുവനന്തപുരം, ജയ്പൂര്‍, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നല്‍കിയത്.

കോവിഡ് കാരണം വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് തടസ്സം നേരിട്ടതോടെ വ്യോമയാനമേഖല ഭീമമായ നഷ്ടത്തിലാണ്. 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും കൈമാറിക്കൊണ്ടാണ് അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും എയര്‍ പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള കരാര്‍.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇക്കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു.വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര നിലപാട് കോടതി അംഗീകരിച്ചു. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.