ആശ്വാസവാക്കുകളുമായി വിസ്മയയുടെ വീട്ടിലെത്തി കെ.കെ ശൈലജ

കൊല്ലം: സ്ത്രീധനപീഡനത്തില്‍ മരിച്ച വിസ്മയയുടെ വീട്ടിലെത്തി മുന്‍മന്ത്രി കെ.കെ ശൈലജ. മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയതെന്നാണ് കിരണിന്റെ അച്ഛന്‍ പറഞ്ഞതെന്ന് ചൂണ്ടികാട്ടിയ ശൈലജ എത്രമാത്രം ഇടുങ്ങിയ ചിന്താഗതിയാണിതെന്ന് ചോദിച്ചു. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് ശൈലജ ടീച്ചര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്

വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചു. സ്ത്രീധനത്തിന്റെ പേരില് വിസ്മയക്ക് ഭര്ത്താവില് നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബഹുജനങ്ങള്‍ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ അവസരത്തില്‍ തയ്യാറാവണം. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.