സ്വർണക്കടത്തുകൾ ഏകോപിപ്പിച്ചത് കെ.ടി. റമീസ്; നിർണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുകൾ ഏകോപിപ്പിച്ചത് കെ.ടി. റമീസാണെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കി. സ്വർണക്കടത്തുകാർക്കും സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കുമിടയിലുള്ള ഏക കോൺടാക്ട് പോയിന്റാണു റമീസെന്നാണ് കസ്റ്റംസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.

ദുബായിൽ നിന്നു നയതന്ത്രപാഴ്‌സലുകളിൽ സ്വർണം അയക്കുന്നത് മുതൽ സ്വർണക്കടത്തുകാരെ പാഴ്‌സൽ ഏൽപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചത് റമീസാണെന്ന് കസ്റ്റംസ് പറയുന്നു. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുമായി ധാരണയിലെത്തിയ ശേഷം റമീസ് പദ്ധതിയെ കുറിച്ച് എ എം ജലാലുമായി ചർച്ച നടത്തി. പിന്നീട് ദുബായിൽ നിന്നു ഡമ്മി പാഴ്‌സലുകൾ അയച്ചു പരീക്ഷണം നടത്താൻ അബ്ദുൽ ഹമീദ് വരിക്കോടൻ എന്നയാളെ നിയോഗിച്ചു.

വിദഗ്ധമായാണ് റമീസ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പിടിക്കപ്പെടാതിരിക്കാനായി സ്വന്തം ഫോൺ പോലും ഉപയോഗിക്കാതെയാണ് റമീസ് കാര്യങ്ങൾ പ്ലാൻ ചെയ്തത്. ഇതിനായി റമീസ് ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രശാന്തിന്റെ ഫോണും അയാൾ സംഘടിപ്പിച്ച് നൽകിയ സിംകാർഡുമായിരുന്നു. എ.എം. ജലാൽ, പി. മുഹമ്മദ് ഷാഫി, എടക്കണ്ടൻ സെയ്തലവി, പി.ടി. അബ്ദു എന്നിവരെ സ്വർണക്കടത്തു നിക്ഷേപകരെന്ന നിലയിൽ സംഘത്തിലേക്കെത്തിച്ചതും റമീസ് തന്നെയാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.