തിരുവനന്തപുരം: സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സാധാരണക്കാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നടൻ ജയറാമിന്റെ മകൻ കാളിദാസും സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരിക്കൽ വിസ്മയ തനിക്കെഴുതിയ കത്തിനെ കുറിച്ച് വെളിപ്പെടുത്തിയാണ് കാളിദാസിന്റെ പ്രതികരണം.
‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’,- കാളിദാസൻ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ വിയോഗത്തിൽ താൻ അതീവ ദുഃഖിതനാണെന്നും കാളിദാസ് വ്യക്തമാക്കി. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇത് വെറുമൊരു ഹാഷ്ടാഗായി മാത്രം ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും കാളിദാസ് പറയുന്നു.

