സ്ത്രീധനം സംബന്ധിച്ച പ്രശ്‌നങ്ങൾ; ബുധനാഴ്ച്ച നോഡൽ ഓഫീസർക്ക് ലഭിച്ചത് 108 പരാതികൾ; അപരാജിതയിൽ ലഭിച്ചത് 76

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പോലീസ് ക്രമീകരിച്ച പുതിയ സംവിധാനത്തിലേക്ക് പരാതികളുടെ പ്രവാഹം. ബുധനാഴ്ച്ച മാത്രം 108 പരാതികളാണ് നോഡൽ ഓഫീസർ ആർ നിശാന്തിനിയ്ക്ക് ലഭിച്ചത്. മൊബൈൽ ഫോണിലൂടെയായിരുന്നു പരാതികൾ ലഭിച്ചത്.

സ്ത്രീധനവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിലും ഇന്ന് ധാരാളം പരാതികൾ ലഭിച്ചു. 76 പരാതികളാണ് അപരാജിതയിൽ ഇ മെയിൽ വഴി ലഭിച്ചത്. 29 പേർ അപരാജിയിലേക്ക് ഫോൺ ചെയ്തും പരാതി അറിയിച്ചു.

9497999955 എന്ന നമ്പറിൽ സ്റ്റേറ്റ് നോഡൽ ഓഫീസറെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പരാതി അറിയിക്കാം. aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്കാണ് അപരാജിയിൽ പരാതി അയക്കേണ്ടത്. 9497996992 എന്ന നമ്പറിൽ ബന്ധപ്പെട്ടും പരാതി അറിയിക്കാം. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിന് അപരാജിത സംവിധാനം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പരാതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.