രാജ്യദ്രോഹക്കേസ്; ഐഷാ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം

aisha

കൊച്ചി: രാജ്യദ്രോഹക്കേസിൽ സിനിമാ പ്രവർത്തക ഐഷാ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഐഷാ സുൽത്താനയ്ക്ക് ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ജൈവായുധ പരാമർശത്തിന്റെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടം ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഐഷാ സുൽത്താനയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കവരത്തി പൊലീസ് സ്റ്റേഷനിലാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. ഐഷാ സുൽത്താനയുടെ രാജ്യാന്തര ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പോലീസ് കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചിരുന്നു. മൂന്ന് തവണയാണ് പോലീസ് ഐഷാ സുൽത്താനയെ ചോദ്യം ചെയ്തത്.

ഐഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അതിനിടെ ഇവരെ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്നും 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിരുന്നു. കേന്ദ്രസർക്കാരിനെ വിമർശിക്കുക മാത്രമാണ് ചാനൽ ചർച്ചയിലൂടെ ചെയ്തതെന്നും സ്പർധ വളർത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നുമാണ് ഐഷാ സുൽത്താനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.