പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ജോസഫൈന്റെ പ്രവൃത്തിയിൽ സിപിഎമ്മിന് അതൃപ്തി

തിരുവനന്തപുരം: പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈന്റെ പ്രവൃത്തിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോർട്ട്. സംഭവം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് തീരുമാനം. ജോസഫൈനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ജോസഫൈനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇടതു മുന്നണി പ്രവർത്തകരും ജോസഫൈനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം വിഷയം ചർച്ച ചെയ്യാനൊരുങ്ങുന്നത്.

ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും പാർട്ടി പ്രതികരണം നടത്തുകയെന്നാണ് വിവരം. ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ ജോസഫൈൻ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈനെ മാറ്റമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.