തിരുവനന്തപുരം: ലോക്ക് ഡൗൺ സിനിമാ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികളും ആവശ്യമായ പ്രതിവിധികളും സർക്കാർ വളരെ ശ്രദ്ധയോടെ പരിഗണിച്ചു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ. കോവിഡ് വൈറസ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണും എല്ലാ തൊഴിൽ വ്യവസായ മേഖലയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി. സിനിമാ-ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫെഫ്ക, അമ്മ, FEUOK, മാക്ട, ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷൻ, WICC, ATMA, കേരള എക്‌സ്ബിറ്റേഴ്‌സ് അസോസിയേഷൻ, കേരള എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷൻ, FFISICO, KSFDC, KSCAWFB, ചലച്ചിത്ര അക്കാദമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
തിരുവനന്തപുരത്ത് ചിത്രാഞ്ജലിയിൽ ആധുനിക ഫിലിം സിറ്റിയും കൊച്ചിയിൽ ആധുനിക സ്റ്റുഡിയോയും ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമാ നിർമ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും, സിനിമ മേഖലയ്ക്ക് സമഗ്രമായ ഒരു നയം രൂപീകരിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
സാംസ്‌ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി റാണി ജോർജ്ജ് ഐ.എ.എസ്, ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി., എൻ. മായ ഐ.എഫ്.എസ്., ചെയർമാൻ ഷാജി.എൻ.കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വിവിധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

