ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്; കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ. കമ്മീഷൻ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയതെന്നും അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ കമ്മീഷനെ നിയമിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ ആരോപണം.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉള്ളവർക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നാ സുരേഷിന്റെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് വ്യക്തമാക്കി സന്ദീപ് നായർ കോടതിക്ക് കത്തയക്കുകയും ചെയ്തിരുന്നു.