General (Page 1,495)

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ. പരീക്ഷകൾ മാറ്റിവെച്ചതായുള്ള പ്രചാരണമാണ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി നടത്തുന്നത്. ജൂലൈ 7 മുതൽ നടത്താനിരുന്ന പോളിടെക്‌നിക് പരീക്ഷ മാറ്റിവെച്ചെന്നാണ് പ്രചാരണം. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി പോലീസിൽ പരാതി നൽകി.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് എന്ന് തോന്നുന്ന വിധത്തിൽ വ്യാജ പേജ് ഉണ്ടാക്കി ജൂലായ് 7-ാം തീയതി തുടങ്ങാനിരുന്ന പോളിടെക്‌നിക് പരീക്ഷകൾ മാറ്റിവച്ചു എന്ന് പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് വസ്തുതാപരമായ വാർത്തയായി ആരും കരുതേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള സൈബർ നിയമങ്ങളനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് ഇത് ചെയ്തവർ ഓർക്കണം. തികഞ്ഞ ഉത്തരവാദിത്തത്തോടെ മാത്രം ഉപയോഗിക്കേണ്ട സാമൂഹ്യ മാദ്ധ്യമങ്ങളെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതും, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാനുള്ള ഇടമാക്കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

ഈ സമയത്ത് നന്നായി പഠിച്ച് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലും സ്വീകരിച്ച് പരീക്ഷ എഴുതുന്നതിനും, ഭാവി സുരക്ഷിതമാക്കുന്നതിനും വിദ്യാർത്ഥി സുഹൃത്തുക്കൾ ശ്രദ്ധിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന് ദാരുണാന്ത്യം. ഹർഷാദ് എന്ന ജീവനക്കാരനാണ് മരിച്ചത്. പാമ്പിന് തീറ്റകൊടുക്കാൻ കയറിയ ഹർഷാദിന് കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു രാജവെമ്പാലയുടെ കടിയേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

മൃഗാശാലയിൽ പാമ്പുകളെ പരിചരിക്കുന്ന ജോലിയായിരുന്നു കാട്ടക്കട സ്വദേശിയായ ഹർഷാദ് ചെയ്തു വന്നിരുന്നത്. പാമ്പ് കടിയേറ്റ് അവശനിലയിലായ ഹർഷാദ് പാർക്കിനുള്ളിൽ തന്നെ കുഴഞ്ഞു വീണു. തുടർന്ന് അദ്ദേഹം ഇരുമ്പ് വാതിലിൽ അടിച്ച് ശബ്ദമുണ്ടാക്കി. ഈ ശബ്ദം കേട്ട് മറ്റ് ജീവനക്കാർ എത്തി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് രാജവെമ്പാലകളാണ് തിരുവനന്തപുരം മൃഗശാലയിൽ ഉള്ളത്. മൃഗശാലയിൽ വന്യ ജീവികൾക്ക് തീറ്റ കൊടുക്കാൻ പോകുമ്പോൾ രണ്ട് പേർ ഉണ്ടാകാറാണ് പതിവ്. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 50 ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രമേ മൃഗശാലയിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ഒറ്റയ്ക്ക് പാമ്പിന് തീറ്റ കൊടുക്കാനായി പോയത്. മ്യൂസിയം പ്രോട്ടോക്കോൾ അനുസരിച്ച് മൃഗങ്ങളെ പരിചരിക്കാൻ ജീവനക്കാർ ഒറ്റയ്ക്ക് കൂട്ടിൽ കയറാൻ പാടില്ല. കുറഞ്ഞത് രണ്ട് പേർ ഉണ്ടാകണം. ഒരാൾ തീറ്റ കൊടുക്കുമ്പോൾ രണ്ടാമത്തെ ആൾ പരിസരം സുരക്ഷിതമാണോയെന്ന് പരിശോധിക്കണം.

തൃശൂർ: സംസ്ഥാനത്തെ സെൻട്രൽ ജയിലുകൾ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്ന വിമർശനം ശക്തമാകുന്നു. ജയിലിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വ്യാപകമായി പിടിച്ചെടുത്തിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതാണ് ഇത്തരം വിമർശനങ്ങൾക്ക് കാരണം. 2019 – 2020 കാലഘട്ടത്തിൽ മാത്രം മൂന്ന് ജയിലുകളിൽ ജയിൽ ഉദ്യോഗസ്ഥരും പോലീസ് അധികൃതരും ചേർന്ന് നടത്തിയ റെയ്ഡിൽ നൂറോളം മൊബൈലുകളാണ് പിടിച്ചെടുത്തത്. ജയിലിൽ യഥേഷ്ടം ആരെയും ഫോൺ ചെയ്യാൻ സൗകര്യമുള്ളവരാണ് ഈ ഫോണുകൾ ഉപയോഗിച്ചിരുന്നത്.

മൊബൈൽ പിടിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം ഉൾപ്പെടെ അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിടികൂടിയ ഫോണുകൾ ഉപയോഗിച്ച് ഇവരുമായി ബന്ധപ്പെട്ടവർ ആരാണെന്ന് കണ്ടെത്താനുള്ള തുടർ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഉന്നത രാഷ്ട്രീയ നേതാക്കൾ മുതൽ ഭരണസിരാ കേന്ദ്രം നിയന്ത്രിച്ചിരുന്നവർ വരെ ജയിലിൽ ഫോൺ ഉപയോഗിച്ചവരുടെ പട്ടികയിൽ ഉണ്ടെന്നതാണ് അന്വേഷണം നിലയ്ക്കാൻ കാരണമായത്.

സിം ഇല്ലാത്ത മൊബൈൽ ഫോൺ ആണെങ്കിലും ഐ.എം.ഇ നമ്പർ ഉപയോഗിച്ച് ടവർ ലോക്കേറ്റ് ചെയ്ത് കോൾലിസ്റ്റ് പരിശോധിക്കാം എന്ന സംവിധാനമിരിക്കെയാണ് യാതൊരുവിധ അന്വേഷണവും നടക്കാത്തത്. ജയിലിലെ ഫോൺ ഉപയോഗത്തെ കുറിച്ച് ഇന്റലിജന്റ്സ് പോലും റിപ്പോർട്ട് ചെയ്തിരുന്നു.

ഓരോ സെൻട്രൽ ജയിലുകളിലും മതിൽക്കെട്ടിനുള്ളിൽ ഇരുപത് ഏക്കർ വരെ വിസ്തൃതിയുണ്ട്. ഇവിടെ പരിശോധന നടത്താൻ ഡോഗ് സ്‌ക്വാഡുണ്ടെങ്കിലും പരിശോധനയ്ക്ക് അനുമതി നൽകാറില്ല. മതവികാരം വ്രണപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോഗ് സ്‌ക്വാഡ് പരിശോധനയ്ക്ക് അനുമതി നൽകാത്തത്. തടവുപുള്ളികളുടെ പക്കൽ നിന്നും ഫോൺ പിടിച്ചാൽ മൂന്ന് മാസത്തെ തടവാണ് ശിക്ഷയായി ലഭിക്കുന്നത്. എന്നാൽ ജീവപര്യന്തം തടവിൽ കഴിയുന്നവർക്ക് മൂന്ന് മാസം കൂടി തടവ് ശിക്ഷ ലഭിച്ചാലും അവർക്ക് അതൊരു പ്രശ്‌നമല്ലാതാവുകയാണ്. അതിനാൽ തന്നെ വീണ്ടും ജയിലുകളിൽ തടവുപുള്ളികൾ ഫോൺ ഉപയോഗിക്കുന്നത് ആവർത്തിക്കുകയാണ്. വിഷയത്തിൽ ഋഷിരാജ് സിംഗ് മുതൽ യതീഷ് ചന്ദ്ര വരെ ഇടപെടൽ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റെടുക്കുമ്പോൾ നിരവധി വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. പടിയിറങ്ങുന്ന നേരത്ത് ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയ കാര്യങ്ങൾക്കെല്ലാം മറുപടി നൽകുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്. ഐഎസ് സാന്നിദ്ധ്യം, സ്ലീപ്പിംഗ് സെല്ലുകൾ, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചെല്ലാം അനിൽ കാന്ത് മറുപടി നൽകേണ്ടി വരും.

നീണ്ട 36 വർഷക്കാലത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങിയത്. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നുവെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്ക ഉണ്ടാക്കുന്നുവെന്നും ഉൾപ്പെടെ നിർണായക വെളിപ്പെടുത്തലുകളാണ് ലോക്‌നാഥ് ബെഹ്‌റ നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകളില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ലോക്‌നാഥ് ബെഹ്‌റയുടെ പരാമർശങ്ങൾക്കെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന പ്രസ്താവനയിൽ ലോക്‌നാഥ് ബെഹ്‌റ വ്യക്തത വരുത്തണമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആവശ്യം. വിദ്യാസമ്പന്നർ ഭീകരവാദികളുടെ വലയിലാണെന്നാണ് ഡിജിപി പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ഡിജിപിയ്ക്കുണ്ട്. അത്തരക്കാരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടേണ്ടത് പോലിസ് മേധാവിയാണ്. എന്നാൽ ഇതൊന്നും പറയാതെ ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമർശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടതെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി ആവിഷ്‌ക്കരിച്ച ഐടി നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക്. സമൂഹമാദ്ധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ഇത്തരമൊരു ചട്ടം കൊണ്ടുവന്നത് മികച്ച തീരുമാനമാണെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ പറഞ്ഞു.

സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാനും ഉപയോക്താവിനെ ശക്തിപ്പെടുത്താനും വേണ്ടി കേന്ദ്ര ഐടി മന്ത്രാലയം കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ അർത്ഥവത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുക എന്നത് അവിതർക്കിതമായ കാര്യമാണ്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാൻ വേണ്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഫേസ്ബുക്ക് പൂർണ പിന്തുണ നൽകും. പുതുക്കിയ ഐടി നയങ്ങൾ ഫേസ്ബുക്ക് പാലിക്കുമെന്നും 70 കോടിയോളം ആളുകൾ ഇൻറർനെറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ഉപയോക്താക്കളുടെ സുരക്ഷ ശക്തമാക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും അദ്ദേഹം വിശദമാക്കി. വാട്ട്‌സ്ആപ്പും നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര നിയമങ്ങൾ പാലിക്കില്ലെന്ന രീതിയിൽ ട്വിറ്റർ നിലപാടെടുക്കുമ്പോഴാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു അനുകൂല തീരുമാനം ഉണ്ടാകുന്നത്.

vaccine

ന്യൂഡൽഹി: ബ്രസീലിലേക്ക് കോവാക്‌സിൻ അയച്ചിട്ടില്ലെന്ന് ഭാരത് ബയോടെക്ക്. തങ്ങൾക്ക് മുൻകൂറായി പണം ലഭിച്ചിട്ടില്ലെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. നിരവധി ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നതിനാൽ കൊവാക്‌സിൻ ഓർഡറുകൾ പിൻവലിക്കുന്നതായുളള ബ്രസീലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഭാരത് ബയോടെക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

വാക്‌സിൻ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് എട്ടു മാസത്തോളം നീണ്ട ചർച്ചകൾ നടത്തിയിരുന്നുവെന്നും ബ്രസീലുമായുള്ള നടപടികളുടെ ഓരോ തീരുമാനങ്ങളും ക്രമപ്രകാരമാണ് കൈക്കൊണ്ടതെന്നും അധികൃതർ വ്യക്തമാക്കി. കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയും വിദേശ രാജ്യങ്ങൾക്ക് മരുന്ന് നൽകാനുള്ള അനുമതിയും ലഭിക്കുന്നത് ജൂൺ നാലിനാണ്. ഡോസിന് 20 യു.എസ് ഡോളർ എന്ന നിരക്കിലാണ് ബ്രസീൽ കൊവാക്‌സിൻ വാങ്ങാൻ കമ്പനിയുമായി ധാരണയിലെത്തിയത്. ബ്രസീലിലെ നീഡ് മെഡിസിൻ എന്ന കമ്പനിയാണ് ബ്രസീൽ സർക്കാരും ഭാരത് ബയോടെക്കുമായുള്ള കരാറിന് ഇടനിലക്കാരായി പ്രവർത്തിച്ചത്.

20 മില്ല്യൺ കൊവാക്‌സിൻ ഡോസുകൾ ആണ് ബ്രസീൽ ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങാനായി തീരുമാനിച്ചിരുന്നത്. ഫെബ്രുവരിയിൽ തന്നെ കരാറിൽ ഒപ്പുവച്ചെങ്കിലും ബ്രസീലിന്റെ നാഷണൽ ഹെൽത്ത് സർവെയിലൻസ് ഏജൻസി, വാക്‌സിനുകൾ ഇറക്കുമതി ചെയ്യാനുള്ള അനുമതി നിരസിച്ചു. അനുമതി ലഭിക്കാത്തതിനാൽ വാക്‌സിനുകൾ ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് കയറ്റി അയച്ചിരുന്നില്ലെന്നും ഭാരത് ബയോടെക്ക് വിശദീകരിച്ചു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി ഓൺലൈനായി ലഭ്യമാകും. ജി-സ്പാർക്ക് സേവനം വഴിയാണ് വിവരങ്ങൾ ലഭ്യമാകുക. സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതു പോലെ തന്നെ ഇനി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പി.എഫ് തുടങ്ങിയ എല്ലാ വിവരങ്ങളും വിരൽതുമ്പിൽ ലഭ്യമാകുന്ന സേവനമാണ് ജി സ്പാർക്ക്.

ജൂലൈ 2 ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ജി- സ്പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ചാണ് ഉദ്ഘാടനം. ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐഡി ഉപയോഗിച്ച് പി.എഫ് സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങൾ, ശമ്പള ബിൽ എന്നിവ കാണാനും കോപ്പി എടുക്കാനും ജി-സ്പാർക്കിലൂടെ കഴിയും. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും മാനേജ്‌മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തിൽ ലഭ്യമാകുകയും ചെയ്യും. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി. ജി-സ്പാർക്ക് ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവും കെഎസ്ആർടിസി തന്നെയാണ്.

അതേസമയം കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കൊമേഷ്യൽ വിഭാഗവും രൂപീകരിക്കും. ലോജിസ്റ്റിസ് & കൊറിയർ, അഡ്വർടൈസ്‌മെൻറ്, ബസ് ടെർമിനൽ കം ഷോപ്പിംഗ് കോപ്ലക്‌സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യൽ വിഭാഗം ആരംഭിക്കുന്നത്.

ഇതിനായുള്ള അഞ്ചു ദിവസത്തെ മാർക്കറ്റിങ് ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് എസ്. സി. എം. എസ് സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ തുടക്കമായി. ലോജിസ്റ്റിക്‌സ് ആൻഡ് കൊറിയർ സർവീസ് ഉൾപ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വർദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രാവർത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ. എസ്. ആർ. ടി. സിയിലെ വിവിധ ഡിപ്പാർട്‌മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുക.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം നടന്നതിന്റെ ഞെട്ടലിലാണ് രാജ്യം. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ഡ്രോൺ ആക്രമണം നടക്കുന്നത്. അതിനാൽ തന്നെ വിഷയത്തെ അതിഗൗരവമായി തന്നെയാണ് അധികൃതർ നോക്കിക്കാണുന്നതും. വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ ഭീകരർക്ക് സംഭവിച്ച ചെറിയ പിഴവ് കാരണം വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്. ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തിയ ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്നാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.

ഡ്രോൺ ആക്രമണത്തെ കുറിച്ച് ഇന്ത്യ യു എൻ അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. പൊതുസഭയിൽ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജൻസികളുടെ തലവന്റെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി അറിയിച്ചു.

ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. പാകിസ്താന് തിരിച്ചടി നൽകാൻ വേണ്ടിയാണ് യോഗം ചേർന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച്ച പുലർച്ചെയാണ് ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടുതവണയായാണ് ആക്രമണം നടന്നത്.

vaccine

ന്യൂഡൽഹി: ഭാരത് ബയോടെക്കിൽ നിന്ന് രണ്ട് കോടി ഡോസ് കൊവാക്‌സിൻ വാങ്ങാനുള്ള ബ്രസീൽ സർക്കാരിന്റെ കരാറിനെതിരെ എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ. എതിർപ്പുയർന്നതോടെ കരാർ നടപടികൾ നിർത്തിവെയ്ക്കാനാണ് ബ്രീസിൽ സർക്കാരിന്റെ തീരുമാനം. 32.4 കോടി ഡോളറിന്റെ ഇടപാടിൽ ക്രമക്കേടുണ്ടെന്നാണ് പ്രസിഡൻറ് ജയിർ ബോൾസൊനാരോയ്‌ക്കെതിരെ ഉയർന്ന ആരോപണം. വാക്‌സിൻ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ വാഗ്‌നർ റൊസാരിയോ അറിയിച്ചു.

2 കോടി ഡോസ് കൊവാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഭാരത് ബയോടെക്കും ബ്രസീലിലെ ഫെഡറൽ സർക്കാരും ഒപ്പുവെച്ചത് ഫെബ്രുവരി മാസത്തിലാണ്. ബ്രസീലിയൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ നീഡ് മെഡിസിൻസ് ആയിരുന്നു കരാറിലെ ഇടനിലക്കാർ. എന്നാൽ കരാർ പ്രകാരമുള്ള വാക്‌സിൻ ഇതുവരെ ബ്രസീലിൽ എത്തിയിട്ടില്ല. വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് നാഷണൽ ഹെൽത്ത് സർവൈലൻസ് ഏജൻസി അറിയിച്ചരിക്കുന്നത്. തുടർന്നാണ് കരാറിന്റെ അഴിമതി ആരോപണം ഉയർന്നത്.

വാക്‌സിൻ ഇറക്കുമതിയുടെ മറവിൽ അഴിമതി നടന്നെന്നും പ്രസിഡന്റ് ജയിർ ബോൾസൊനോരോ കൂട്ടുനിന്നെന്നും ആരോപിച്ച് മൂന്ന് സെനറ്റർമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് കോടതി നിർദ്ദേശം.

കോവിഡ് വൈറസ് ബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച് സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരമായി എത്ര തുക വീതം നൽകണം എന്ന കാര്യത്തിൽ മാനദണ്ഡം തയ്യാറാക്കാൻ സുപ്രീംകോടതി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിർദ്ദേശം നൽകി. എത്രതുക നൽകണമെന്നതും ഇതിനുള്ള മാർഗരേഖയുംആറാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കണമെന്നാണ് നിർദ്ദേശം. നാല് ലക്ഷം രൂപ വീതം ധനസഹായം നൽകണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യമെങ്കിലും കേന്ദ്രം ഇതിനെ എതിർത്തു.

എന്നാൽ നഷ്ടപരിഹാരം നൽകിയെ മതിയാകൂവെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഔദ്യോഗിക കണക്ക് പ്രകാരം മൂന്നര ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ലഘൂകരിക്കാനും കോടതി നിർദേശം നൽകി. അതേസമയം കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകിയാൽ വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ് കേന്ദ്രം പറയുന്നത്.