തൃശൂർ: സംസ്ഥാനത്തെ സെൻട്രൽ ജയിലുകൾ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്ന വിമർശനം ശക്തമാകുന്നു. ജയിലിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വ്യാപകമായി പിടിച്ചെടുത്തിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതാണ് ഇത്തരം വിമർശനങ്ങൾക്ക് കാരണം. 2019 – 2020 കാലഘട്ടത്തിൽ മാത്രം മൂന്ന് ജയിലുകളിൽ ജയിൽ ഉദ്യോഗസ്ഥരും പോലീസ് അധികൃതരും ചേർന്ന് നടത്തിയ റെയ്ഡിൽ നൂറോളം മൊബൈലുകളാണ് പിടിച്ചെടുത്തത്. ജയിലിൽ യഥേഷ്ടം ആരെയും ഫോൺ ചെയ്യാൻ സൗകര്യമുള്ളവരാണ് ഈ ഫോണുകൾ ഉപയോഗിച്ചിരുന്നത്.
മൊബൈൽ പിടിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം ഉൾപ്പെടെ അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിടികൂടിയ ഫോണുകൾ ഉപയോഗിച്ച് ഇവരുമായി ബന്ധപ്പെട്ടവർ ആരാണെന്ന് കണ്ടെത്താനുള്ള തുടർ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഉന്നത രാഷ്ട്രീയ നേതാക്കൾ മുതൽ ഭരണസിരാ കേന്ദ്രം നിയന്ത്രിച്ചിരുന്നവർ വരെ ജയിലിൽ ഫോൺ ഉപയോഗിച്ചവരുടെ പട്ടികയിൽ ഉണ്ടെന്നതാണ് അന്വേഷണം നിലയ്ക്കാൻ കാരണമായത്.
സിം ഇല്ലാത്ത മൊബൈൽ ഫോൺ ആണെങ്കിലും ഐ.എം.ഇ നമ്പർ ഉപയോഗിച്ച് ടവർ ലോക്കേറ്റ് ചെയ്ത് കോൾലിസ്റ്റ് പരിശോധിക്കാം എന്ന സംവിധാനമിരിക്കെയാണ് യാതൊരുവിധ അന്വേഷണവും നടക്കാത്തത്. ജയിലിലെ ഫോൺ ഉപയോഗത്തെ കുറിച്ച് ഇന്റലിജന്റ്സ് പോലും റിപ്പോർട്ട് ചെയ്തിരുന്നു.
ഓരോ സെൻട്രൽ ജയിലുകളിലും മതിൽക്കെട്ടിനുള്ളിൽ ഇരുപത് ഏക്കർ വരെ വിസ്തൃതിയുണ്ട്. ഇവിടെ പരിശോധന നടത്താൻ ഡോഗ് സ്‌ക്വാഡുണ്ടെങ്കിലും പരിശോധനയ്ക്ക് അനുമതി നൽകാറില്ല. മതവികാരം വ്രണപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോഗ് സ്‌ക്വാഡ് പരിശോധനയ്ക്ക് അനുമതി നൽകാത്തത്. തടവുപുള്ളികളുടെ പക്കൽ നിന്നും ഫോൺ പിടിച്ചാൽ മൂന്ന് മാസത്തെ തടവാണ് ശിക്ഷയായി ലഭിക്കുന്നത്. എന്നാൽ ജീവപര്യന്തം തടവിൽ കഴിയുന്നവർക്ക് മൂന്ന് മാസം കൂടി തടവ് ശിക്ഷ ലഭിച്ചാലും അവർക്ക് അതൊരു പ്രശ്‌നമല്ലാതാവുകയാണ്. അതിനാൽ തന്നെ വീണ്ടും ജയിലുകളിൽ തടവുപുള്ളികൾ ഫോൺ ഉപയോഗിക്കുന്നത് ആവർത്തിക്കുകയാണ്. വിഷയത്തിൽ ഋഷിരാജ് സിംഗ് മുതൽ യതീഷ് ചന്ദ്ര വരെ ഇടപെടൽ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല

