ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി ആവിഷ്‌ക്കരിച്ച ഐടി നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക്. സമൂഹമാദ്ധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ഇത്തരമൊരു ചട്ടം കൊണ്ടുവന്നത് മികച്ച തീരുമാനമാണെന്ന് ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാനും ഉപയോക്താവിനെ ശക്തിപ്പെടുത്താനും വേണ്ടി കേന്ദ്ര ഐടി മന്ത്രാലയം കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ അർത്ഥവത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുക എന്നത് അവിതർക്കിതമായ കാര്യമാണ്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാൻ വേണ്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഫേസ്ബുക്ക് പൂർണ പിന്തുണ നൽകും. പുതുക്കിയ ഐടി നയങ്ങൾ ഫേസ്ബുക്ക് പാലിക്കുമെന്നും 70 കോടിയോളം ആളുകൾ ഇൻറർനെറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ഉപയോക്താക്കളുടെ സുരക്ഷ ശക്തമാക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും അദ്ദേഹം വിശദമാക്കി. വാട്ട്‌സ്ആപ്പും നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര നിയമങ്ങൾ പാലിക്കില്ലെന്ന രീതിയിൽ ട്വിറ്റർ നിലപാടെടുക്കുമ്പോഴാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു അനുകൂല തീരുമാനം ഉണ്ടാകുന്നത്.

