തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റെടുക്കുമ്പോൾ നിരവധി വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. പടിയിറങ്ങുന്ന നേരത്ത് ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയ കാര്യങ്ങൾക്കെല്ലാം മറുപടി നൽകുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്. ഐഎസ് സാന്നിദ്ധ്യം, സ്ലീപ്പിംഗ് സെല്ലുകൾ, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചെല്ലാം അനിൽ കാന്ത് മറുപടി നൽകേണ്ടി വരും.
നീണ്ട 36 വർഷക്കാലത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയത്. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നുവെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്ക ഉണ്ടാക്കുന്നുവെന്നും ഉൾപ്പെടെ നിർണായക വെളിപ്പെടുത്തലുകളാണ് ലോക്നാഥ് ബെഹ്റ നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകളില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ലോക്നാഥ് ബെഹ്റയുടെ പരാമർശങ്ങൾക്കെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന പ്രസ്താവനയിൽ ലോക്നാഥ് ബെഹ്റ വ്യക്തത വരുത്തണമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആവശ്യം. വിദ്യാസമ്പന്നർ ഭീകരവാദികളുടെ വലയിലാണെന്നാണ് ഡിജിപി പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ഡിജിപിയ്ക്കുണ്ട്. അത്തരക്കാരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടേണ്ടത് പോലിസ് മേധാവിയാണ്. എന്നാൽ ഇതൊന്നും പറയാതെ ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമർശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടതെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നത്.

