General (Page 1,492)

ന്യൂയോർക്ക്: കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ വേണ്ടി ഇനി മൃഗങ്ങൾക്കും വാക്‌സിൻ. അമേരിക്കയിലെ ഓക്‌ലാൻഡ് മൃഗശാലയിലാണ് മൃഗങ്ങൾക്ക് വാക്‌സിൻ നൽകിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് കോവിഡ് വാക്‌സിൻ കുത്തിവെച്ചത്.

കടുവ, കറുത്ത കരടി, വെള്ളക്കീരി, മൗണ്ടെയ്ൻ ലയൺ എന്നീ മൃഗങ്ങൾക്കാണ് വാക്‌സിൻ നൽകിയത്. വേഗം രോഗബാധ ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് ആദ്യ ഡോസ് നൽകിയത്.

മൃഗസംരക്ഷണ കമ്പനിയായ സോയിറ്റിസാണ് വാക്‌സിൻ വികസിപ്പിച്ചത്. ഓക്‌ലാൻഡ് മൃഗശാലയിലെ മൃഗങ്ങൾക്കൊന്നും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനാലാണ് മൃഗങ്ങളുടെ സംരക്ഷണത്തിനായി ഇത്തരത്തിൽ ഉണർന്നു പ്രവർത്തിക്കുന്നതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുവെന്ന ഗോയെങ്ക ഗ്രൂപ്പിന്റെ അഭിന്ദന ട്വീറ്റും കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയുമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള ഗോയെങ്ക ഗ്രൂപ്പിന്റെ ട്വീറ്റ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആർ.പി. ഗോയെങ്ക ഗ്രൂപ്പും ഹാരിസൺ മലയാളം ലിമിറ്റഡും തമ്മിലുളള ബന്ധമാണ് ചർച്ചയാകുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷകനും സ്വതന്ത്ര പത്രപ്രവർത്തകനുമായ റെജിമോൻ കുട്ടപ്പനാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആർ.പി. ഗോയെങ്ക ഗൂപ്പ് ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന പേരിൽ കൈവശം വച്ചിരിക്കുന്നത് 76,756 ഏക്കർ ഭൂമിയാണ്. ഇതിൽ 59,363 ഏക്കറിന് രേഖകളില്ല. ഇതിൽ 12,568 ഏക്കറിന് വ്യാജ രേഖകളാണെന്നും 29,000 ഏക്കറിൽ നിന്നും ഒഴിഞ്ഞ് പോകാൻ കേസ് നടക്കുന്നുണ്ടെന്നും റജിമോൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതെല്ലാം രാജമാണിക്യം റിപ്പോർട്ടിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

റജിമോൻ കുട്ടപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയെ പുകഴ്ത്തിയ മുഖ്യമന്ത്രി തിരിച്ചുനന്ദി പറഞ്ഞ RP ഗോയെങ്ക ഗ്രൂപ്പിന്റെ ഹാരിസൺ മലയാളം ലിമിറ്റഡിൻറെ സ്ഥല കേസ് എന്താണ്?RP ഗോയെങ്ക ഗ്രൂപ് ഹാരിസൺ മലയാളം ലിമിറ്റഡ് എന്ന പേരിൽ കേരളത്തിൽ കയ്യിൽ വെച്ചിരിക്കുന്നത് 76,769 ഏക്കർ. അതിൽ 59,363 ഏക്കറിനു രേഖകൾ ഇല്ല. ഒപ്പം 12,568 ഏക്കറിനു വ്യാജ രേഖകൾ ആണ്. 29,000 ഏക്കറിൽ നിന്ന് ഒഴിഞ്ഞു പോകാൻ കേസ് നടക്കുന്നുണ്ട്‌. ഇതെല്ലാം രാജമാണിക്യം റിപ്പോർട്ടിൽ ഉണ്ട് കേട്ടോ.ഇനി RPG

ചരിത്രം (Court Papers)

1) 1800 ലണ്ടൻ ആസ്ഥാനമായ Malayalam Rubber & Produce Co. Ltd. (MPRL) നു തിരുവതാംകൂർ രാജ്യത്ത് സ്ഥലം കിട്ടുന്നു.
2) 14.07.1921, പുതിയ കമ്പനി ‘Malayalam Plantations Ltd.’ (MP (UK) Ltd) യിലേക്ക് MRPL സ്ഥലം കൈമാറുന്നു.
3) ‘Malayalam Plantations Ltd.’ (MP (UK) Ltd) രെജിസ്ട്രേഷൻ ലണ്ടൻ തന്നെ.
4) തിരുവിതാംകൂർ കൊട്ടാരം ‘Malayalam Plantations Ltd. UK ‘ നെ അംഗീകരിക്കുന്നു. കച്ചവടം ചെയ്യാൻ.
5) സ്വാതന്ത്ര്യത്തിനു ശേഷവും ‘Malayalam Plantations Ltd UK .’ സ്ഥലം കയ്യടക്കി വെച്ചിരിക്കുന്നു ഓർക്കുക ലണ്ടൻ ആണ് രെജിസ്ട്രേഷൻ.
6) കേരള ഭൂപരിക്ഷണ നിയമത്തിൽ പോലും ‘Malayalam Plantations Ltd. UK ‘ ഇളവുകൾ കിട്ടുന്നു.
7) 1973 ഇൽ ഫെറ വരുന്നു. വിദേശ നാണയ വിനിമയ ചട്ടം. അപ്പോൾ ‘Malayalam Plantations Ltd. UK ‘ റിസർവ് ബാങ്കിൽ നിന്നും പ്രത്യേക അനുമതി വാങ്ങുന്നു കച്ചവടം നടത്തുന്നു.
8) 5.01.1978 Malayalam Plantations India Ltd. (MP (India) Ltd) എന്ന പുതിയ കമ്പനി ഉണ്ടാക്കുന്നു. അതിലേക്കു ‘Malayalam Plantations Ltd. UK ‘ ലയിപ്പിക്കുന്നു
9) RBI സമ്മതം വേണമായിരുന്നു. 20.02.1979 RBI സമ്മതിക്കുന്നു. 04.04.1979 കോടതി ലയനം ശരിവെക്കുന്നു.
10) ഇതിനിടയിൽ കൊച്ചിയിൽ 1978 ഇൽ Harrisons & Crossfield (India) Ltd കൊച്ചിയിൽ ഉണ്ടാകുന്നു.
11) 1984 ഇൽ Harrisons & Crossfield (India) Ltd MP (India) Ltd ലയനം ഉണ്ടാകുന്നു.
12) Harrisons & Crossfield (India) Ltd അപ്പോൾ തന്നെ പല കച്ചവടം ഉണ്ടായിരുന്നു. Harrisons & Crossfield (India) Ltd പിന്നീട് The East India Tea & Produce Co., Ltd., Wynaad Tea Co. Ltd., Mooply Valley Tea Co. Ltd., Malayalam Rubber & Produce Co. Ltd., Wallardie Tea Estate Ltd എന്നി കമ്പനികളെ വിഴുങ്ങി.
13) ശേഷം 1984 ഇൽ .Harrisons & Crossfield (India) Ltd + MP (India) Ltd = Harrisons Malayalam Limited (HML) ആകുന്നു.

തിരുവനന്തപുരം: സ്ത്രീകളിൽ നിന്നു തന്നെയാണ് സ്ത്രീധനത്തിനെതിരായ ആദ്യ പ്രതിഷേധസ്വരം ഉയരേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവാഹം കഴിച്ചയയ്ക്കുമ്പോൾ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് സ്ത്രീധനം ആവശ്യമാണെന്ന കാഴ്ചപ്പാട് മാറ്റാൻ പൊതുസമൂഹം തയാറാകണെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു. സ്ത്രീധനത്തിനെതിരായ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘സ്ത്രീ തേജസ്’ എന്ന പേരിൽ പള്ളിക്കൽ പിയുഎം വിഎച്ച്എസ്എസാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായാണ് പരിപാടി നടത്തിയത്. സ്വസ്തി ഫൗണ്ടേഷൻ, യങ് ഇന്ത്യൻസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പെൺകുട്ടികൾ സ്വയംപര്യാപ്തത ആർജിക്കണമെന്ന് ക്ലാസ് നയിച്ച കൗൺസിലർ വീണാ റേച്ചൽ ജോൺസൺ പറഞ്ഞു. പരസ്പര ബഹുമാനമാണ് കുടുംബ ബന്ധത്തിന്റെ അടിത്തറയെന്നും റേച്ചൽ ജോൺസൺ വിശദമാക്കി.

സ്ത്രീകളുടെ സുരക്ഷയ്ക്ക് ഉതകുന്ന വിവിധ നിയമങ്ങളെക്കുറിച്ച് അഡ്വ. മിറാഷ് അലക്‌സാണ്ടർ പരിപാടിയിൽ വിശദീകരിച്ചു. സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ദേവീ മോഹൻ, യങ് ഇന്ത്യൻസ് എക്‌സിക്യൂട്ടിവ് കൗൺസിൽ മെമ്പർ ശങ്കരി ജെ.ഉണ്ണിത്താൻ, സ്‌കൂൾ പ്രിൻസിപ്പൽ സനിൽകുമാർ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ട വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച മുകേഷ് എംഎൽഎയ്‌ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോൺ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെടുന്നത്. അർഹമായ ശിക്ഷ നൽകണമെന്നും എംഎസ്എഫ് ആവശ്യപ്പെടുന്നു.

പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് മുകേഷ് കയർത്തു സംസാരിച്ചത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് എംഎസ്എഫ് മുകേഷിനെതിരെ പരാതിയുമായി ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

വാഷിംഗ്ടൺ: ട്വിറ്ററിന് പകരമായി സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗെറ്റർ എന്ന പേരിലാണ് ട്രംപിന്റെ ടീം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്. ട്രംപിന്റെ മുൻ വക്താവായിരുന്ന ജേസൺ മില്ലറാണ് ഗെറ്ററിനെ നയിക്കുന്നത്. ട്വിറ്ററിന് സമാനമായ രീതിയിൽ തന്നെയാണ് ഗെറ്ററെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജൂലൈ ഒന്നിനായിരുന്നു ഗെറ്ററിന്റെ ലോഞ്ചിംഗ്. ജൂലൈ നാലിന് പ്രാദേശിക സമയം 10 മണിയ്ക്കാണ് ഔദ്യോഗികമായി ഗെറ്റർ പ്രവർത്തനം ആരംഭിക്കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഡൊണാൾഡ് ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തമായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

പിന്നീട് ട്രംപിന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഗെറ്റർ അക്കൗണ്ട് വഴി ട്രംപ് ഉടൻ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകുമെന്നാണ് ട്രംപ് അനുകൂലികൾ പ്രതീക്ഷിക്കുന്നത്.

‘റദ്ദാക്കൽ സംസ്‌കാരത്തെ ചെറുക്കുക, സാമാന്യബുദ്ധിയെ പ്രോത്സാഹിപ്പിക്കുക, അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, സമൂഹമാധ്യമ കുത്തകകളെ വെല്ലുവിളിക്കുക, ആശയങ്ങളുടെ യഥാർഥ വിപണി സൃഷ്ടിക്കുക’ എന്നിവയാണ് ഗെറ്റർ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി പറയുന്നത്. അതേസമയം ട്രംപിനെ പരിഹസിച്ച് രംഗത്തെത്തുന്നവരും ഉണ്ട്.

ന്യൂഡൽഹി: തിയറ്റർ കമാൻഡുകളുടെ രൂപീകരണം സംബന്ധിച്ച് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയയും തമ്മിൽ അഭിപ്രായ ഭിന്നത. തിയറ്റർ കമാൻഡുകളുടെ രൂപീകരണം സംബന്ധിച്ച് ബിപിൻ റാവത്തിന്റെ അഭിപ്രായത്തെ എതിർത്ത് ബദൗരിയ പരസ്യ പ്രതികരണം നടത്തിയത് സേനകൾക്കുള്ളിൽ ചർച്ചാ വിഷയമായിരിക്കുകയാണ്.

കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കു പകരം 3 സേനകളിലെയും ഘടകങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത കമാൻഡ് ആണ് തിയറ്റർ കമാൻഡ്. ഓരോ ഭൂപ്രദേശത്തും 3 സേനകളുടെയും ആയുധം, ആൾബലം എന്നിവ ഒരു കമാൻഡിലേക്ക് ഏകോപിപ്പിച്ച് പ്രതിരോധത്തിന്റെ ശക്തി വർധിപ്പിക്കുകയാണ് തിയറ്റർ കമാൻഡിന്റെ ലക്ഷ്യം. യുദ്ധമേഖല അല്ലെങ്കിൽ പ്രവർത്തന മേഖല എന്നതിനെ സൂചിപ്പിക്കുന്ന വാക്കാണ് ‘തിയറ്റർ’. തിയറ്റർ കമാൻഡ് മാതൃകയിലാണു യുഎസ്, ചൈന സേനകൾ പ്രവർത്തിക്കുന്നത്.

കര, വ്യോമസേനകൾക്ക് 7 വീതവും നാവികസേനയ്ക്ക് മൂന്നും ഉൾപ്പെടെ 17 കമാൻഡുകളുമാണ് നിലവിലുള്ളത്. ആൻഡമാനിൽ മാത്രം നിലവിൽ സംയുക്ത കമാൻഡ് ഉണ്ട്. കമാൻഡുകൾ വരുമ്പോൾ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മിസൈലുകൾ എന്നിവയടക്കമുള്ള സന്നാഹങ്ങളുടെ നിയന്ത്രണം നഷ്ടമാകുമോ എന്നാണ് വ്യോമസേനയുടെ ആശങ്ക. കരസേനയ്ക്കു പിന്നിൽ പിന്തുണയുമായി നിൽക്കേണ്ട സംഘം എന്ന നിലയിലേക്കുള്ള മാറ്റം വ്യോമസേനയുടെ പ്രധാന്യം കുറയ്ക്കുമെന്നും സേന വിലയിരുത്തുന്നുണ്ട്.

കമാൻഡിന്റെ നിയന്ത്രണം കരസേനയ്ക്കാണെങ്കിൽ ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ചുമതല നിർവ്വഹിക്കുന്നത്. വ്യോമസേനയ്ക്കാണെങ്കിൽ എയർ മാർഷലും നാവികസേനയ്‌ക്കെങ്കിൽ വൈസ് അഡ്മിറലും ചുമതല വഹിക്കും. രാജ്യത്തിന്റെ വ്യോമസുരക്ഷയ്ക്കായുള്ള കമാൻഡിന്റെ നേതൃത്വം വ്യോമസേനയ്ക്കായിരിക്കും. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ സമുദ്ര മേഖലകളിലെ സുരക്ഷയ്ക്കായുള്ള മാരിടൈം കമാൻഡിന്റെ ചുമതല നാവികസേനയ്ക്കായിരിക്കും. പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ 2 തിയറ്റർ കമാൻഡുകൾ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കും. കരസേനയ്ക്കായിരിക്കും ഇതിന്റെ നേതൃത്വം. സേനകളുടെ ആയുധ സന്നാഹങ്ങൾ കൈകാര്യം ചെയ്യാനുള്ള ലോജിസ്റ്റിക്‌സ് കമാൻഡും മറ്റു സേനകൾക്കൊപ്പം പ്രവർത്തിക്കാനുള്ള പരിശീലനം സൈനികർക്കു നൽകാനുള്ള ട്രെയിനിംഗ് കമാൻഡും പരിഗണനയിലുണ്ട്.

തിരുവനന്തപുരം: ജമ്മുവിലെ വ്യോമത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പ്. ഭീകരവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാൽ അതീവജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അതിർത്തി മേഖലകളിൽ ചില ഭീകര സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതയുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തീവ്രവാദസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകൾ പോയതും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും അന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ജാഗ്രത കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലേയും കേരളത്തിന്റേയും തെക്കൻ തീരദേശമേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

തൃശ്ശൂർ: മുരിങ്ങൂർ പീഡനകേസിൽ വനിതാ കമ്മീഷനെതിരെ ആരോപണവുമായി കായിക താരം മയൂഖ ജോണി. പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും കമ്മീഷൻ എത്തിയില്ലെന്നാണ് മയൂഖ ജോണി ആരോപിക്കുന്നത്. സ്വാധീനത്തിന് വഴങ്ങിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും ഇന്ന് മൊഴി എടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടും വന്നില്ലെന്നും മയൂഖ ജോണി വ്യക്തമാക്കി.

കേസിൽ പോലീസ് അന്വേഷണത്തിൽ സംഭവിച്ചുവെന്നാരോപിച്ച് മയുഖ നേരത്തെ രംഗത്തെത്തിയിരുന്നു. പീഡന വിവരം സംബന്ധിച്ച് എസ്പി പൂങ്കുഴലിയ്ക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ പോലീസിൽ നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നുമായിരുന്നു മയൂഖ ജോണിയുടെ വെളിപ്പെടുത്തൽ. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന എംസി ജോസഫൈൻ പ്രതികൾക്ക് വേണ്ടി ഇടപെട്ടുവെന്നും മയൂഖ പറഞ്ഞിരുന്നു.

അതേസമയം കേസിൽ പ്രതി ജോൺസന്റെ കുടുംബത്തിൽ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തി. പീഡനത്തിനിരയായ യുവതിയുടെ മൊഴിയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ ജോൺസൺ ഒളിവിൽ പോയിരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാനുള്ള ശ്രമവും ഇയാൾ നടത്തുന്നുണ്ട്. സിയോൻ സഭയിൽ നിന്ന് പുറത്ത് പോയതിനുള്ള വൈരാഗ്യത്താൽ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ജോൺസന്റെ കുടുംബത്തിന്റെ ആരോപണം.

ന്യൂഡൽഹി: ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. ജനസംഖ്യ നിയന്ത്രണത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകനായ ഫിറോസ് ഭക്ത് അഹമദാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

സർക്കാർ ജോലിക്കും വോട്ട് ചെയ്യാനും ആനുകൂല്യങ്ങൾക്കും രണ്ട് കുട്ടികൾ വരെയെന്ന മാനദണ്ഡം നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച പോളിയോ ദിനമായി ആചരിക്കുന്നത് മാറ്റിയ ശേഷം ആരോഗ്യ ദിനമായി ആചരിക്കണമെന്നും ഇതിലൂടെ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചും ഗർഭ നിരോധന മരുന്നുകളെ കുറിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളെ ബോധവത്കരിക്കണമെന്നും ഹർജിയിൽ വിശദമാക്കുന്നു.

ന്യൂഡൽഹി: ഉത്തർപ്രദേശിലും ഡൽഹിയിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് മതപരിവർത്തനത്തിന് വേണ്ടി കോടിക്കണക്കിന് പണം ഇന്ത്യയിലേക്ക് ഒഴുകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഡൽഹിയിലും യു പിയിലുമുള്ള വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. മൂന്ന് സ്ഥലങ്ങളിലായിരുന്നു പരിശോധന.

മതപരിവർത്തന കേസിൽ മുഖ്യ പ്രതികളായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗിർ ഖാസ്മി എന്നിവരുടെ വീടുകളിലും ഇസ്ലാമിക്ക് ദവാ സെന്ററിന്റെ (ഐ ഡി സി) സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളിൽ നിന്നും കോടിക്കണക്കിനു രൂപ പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഈ സ്ഥാപനങ്ങളിലേക്ക് അയയ്ക്കാറുണ്ടെന്നും അതെല്ലാം മതപരിവർത്തനത്തിനു വേണ്ടിയാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാകിസ്ഥാനിൽ നിന്നും വന്ന പണത്തിൽ ഒരു ഭാഗം പാക് ചാരസംഘടനയായ ഐ എസ് ഐയിൽ നിന്നാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അൽ ഹസൻ എജ്യുക്കേഷൻ ആൻഡ് വെൽഫയർ ഫൗണ്ടേഷൻ, ഗൈഡൻസ് എജ്യുക്കേഷൻ ആൻഡ് വെൽഫയർ സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ചില സുപ്രധാന രേഖകൾ കണ്ടെടുത്തതായും ഇഡി ഉദ്യോഗസ്ഥർ വിശദമാക്കി.