കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ട വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച മുകേഷ് എംഎൽഎയ്‌ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകിയത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോൺ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെടുന്നത്. അർഹമായ ശിക്ഷ നൽകണമെന്നും എംഎസ്എഫ് ആവശ്യപ്പെടുന്നു.
പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് മുകേഷ് കയർത്തു സംസാരിച്ചത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് എംഎസ്എഫ് മുകേഷിനെതിരെ പരാതിയുമായി ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

