ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണം: രണ്ടു കുട്ടികൾ വരെയുള്ള മാനദണ്ഡം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കേടതിയിൽ ഹർജി

ന്യൂഡൽഹി: ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. ജനസംഖ്യ നിയന്ത്രണത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകനായ ഫിറോസ് ഭക്ത് അഹമദാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

സർക്കാർ ജോലിക്കും വോട്ട് ചെയ്യാനും ആനുകൂല്യങ്ങൾക്കും രണ്ട് കുട്ടികൾ വരെയെന്ന മാനദണ്ഡം നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച പോളിയോ ദിനമായി ആചരിക്കുന്നത് മാറ്റിയ ശേഷം ആരോഗ്യ ദിനമായി ആചരിക്കണമെന്നും ഇതിലൂടെ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചും ഗർഭ നിരോധന മരുന്നുകളെ കുറിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളെ ബോധവത്കരിക്കണമെന്നും ഹർജിയിൽ വിശദമാക്കുന്നു.