ന്യൂഡൽഹി: ഉത്തർപ്രദേശിലും ഡൽഹിയിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് മതപരിവർത്തനത്തിന് വേണ്ടി കോടിക്കണക്കിന് പണം ഇന്ത്യയിലേക്ക് ഒഴുകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഡൽഹിയിലും യു പിയിലുമുള്ള വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. മൂന്ന് സ്ഥലങ്ങളിലായിരുന്നു പരിശോധന.
മതപരിവർത്തന കേസിൽ മുഖ്യ പ്രതികളായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗിർ ഖാസ്മി എന്നിവരുടെ വീടുകളിലും ഇസ്ലാമിക്ക് ദവാ സെന്ററിന്റെ (ഐ ഡി സി) സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളിൽ നിന്നും കോടിക്കണക്കിനു രൂപ പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഈ സ്ഥാപനങ്ങളിലേക്ക് അയയ്ക്കാറുണ്ടെന്നും അതെല്ലാം മതപരിവർത്തനത്തിനു വേണ്ടിയാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാകിസ്ഥാനിൽ നിന്നും വന്ന പണത്തിൽ ഒരു ഭാഗം പാക് ചാരസംഘടനയായ ഐ എസ് ഐയിൽ നിന്നാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അൽ ഹസൻ എജ്യുക്കേഷൻ ആൻഡ് വെൽഫയർ ഫൗണ്ടേഷൻ, ഗൈഡൻസ് എജ്യുക്കേഷൻ ആൻഡ് വെൽഫയർ സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ചില സുപ്രധാന രേഖകൾ കണ്ടെടുത്തതായും ഇഡി ഉദ്യോഗസ്ഥർ വിശദമാക്കി.