മുരിങ്ങൂർ പീഡന കേസ്: വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി മയൂഖ ജോണി

തൃശ്ശൂർ: മുരിങ്ങൂർ പീഡനകേസിൽ വനിതാ കമ്മീഷനെതിരെ ആരോപണവുമായി കായിക താരം മയൂഖ ജോണി. പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും കമ്മീഷൻ എത്തിയില്ലെന്നാണ് മയൂഖ ജോണി ആരോപിക്കുന്നത്. സ്വാധീനത്തിന് വഴങ്ങിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും ഇന്ന് മൊഴി എടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടും വന്നില്ലെന്നും മയൂഖ ജോണി വ്യക്തമാക്കി.

കേസിൽ പോലീസ് അന്വേഷണത്തിൽ സംഭവിച്ചുവെന്നാരോപിച്ച് മയുഖ നേരത്തെ രംഗത്തെത്തിയിരുന്നു. പീഡന വിവരം സംബന്ധിച്ച് എസ്പി പൂങ്കുഴലിയ്ക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ പോലീസിൽ നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നുമായിരുന്നു മയൂഖ ജോണിയുടെ വെളിപ്പെടുത്തൽ. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന എംസി ജോസഫൈൻ പ്രതികൾക്ക് വേണ്ടി ഇടപെട്ടുവെന്നും മയൂഖ പറഞ്ഞിരുന്നു.

അതേസമയം കേസിൽ പ്രതി ജോൺസന്റെ കുടുംബത്തിൽ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തി. പീഡനത്തിനിരയായ യുവതിയുടെ മൊഴിയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ ജോൺസൺ ഒളിവിൽ പോയിരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാനുള്ള ശ്രമവും ഇയാൾ നടത്തുന്നുണ്ട്. സിയോൻ സഭയിൽ നിന്ന് പുറത്ത് പോയതിനുള്ള വൈരാഗ്യത്താൽ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ജോൺസന്റെ കുടുംബത്തിന്റെ ആരോപണം.