ഡ്രോൺ ആക്രമണത്തിന് സാധ്യത, ജാഗ്രത ശക്തമാക്കണം; കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: ജമ്മുവിലെ വ്യോമത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പ്. ഭീകരവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാൽ അതീവജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അതിർത്തി മേഖലകളിൽ ചില ഭീകര സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതയുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തീവ്രവാദസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകൾ പോയതും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും അന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ജാഗ്രത കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലേയും കേരളത്തിന്റേയും തെക്കൻ തീരദേശമേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.