തിരുവനന്തപുരം: സ്ത്രീകളിൽ നിന്നു തന്നെയാണ് സ്ത്രീധനത്തിനെതിരായ ആദ്യ പ്രതിഷേധസ്വരം ഉയരേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവാഹം കഴിച്ചയയ്ക്കുമ്പോൾ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് സ്ത്രീധനം ആവശ്യമാണെന്ന കാഴ്ചപ്പാട് മാറ്റാൻ പൊതുസമൂഹം തയാറാകണെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു. സ്ത്രീധനത്തിനെതിരായ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘സ്ത്രീ തേജസ്’ എന്ന പേരിൽ പള്ളിക്കൽ പിയുഎം വിഎച്ച്എസ്എസാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായാണ് പരിപാടി നടത്തിയത്. സ്വസ്തി ഫൗണ്ടേഷൻ, യങ് ഇന്ത്യൻസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പെൺകുട്ടികൾ സ്വയംപര്യാപ്തത ആർജിക്കണമെന്ന് ക്ലാസ് നയിച്ച കൗൺസിലർ വീണാ റേച്ചൽ ജോൺസൺ പറഞ്ഞു. പരസ്പര ബഹുമാനമാണ് കുടുംബ ബന്ധത്തിന്റെ അടിത്തറയെന്നും റേച്ചൽ ജോൺസൺ വിശദമാക്കി.
സ്ത്രീകളുടെ സുരക്ഷയ്ക്ക് ഉതകുന്ന വിവിധ നിയമങ്ങളെക്കുറിച്ച് അഡ്വ. മിറാഷ് അലക്‌സാണ്ടർ പരിപാടിയിൽ വിശദീകരിച്ചു. സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ദേവീ മോഹൻ, യങ് ഇന്ത്യൻസ് എക്‌സിക്യൂട്ടിവ് കൗൺസിൽ മെമ്പർ ശങ്കരി ജെ.ഉണ്ണിത്താൻ, സ്‌കൂൾ പ്രിൻസിപ്പൽ സനിൽകുമാർ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

