General (Page 1,493)

മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്നു വീണു. സി-130 എന്ന വിമാനമാണ് തകർന്നു വീണത്. 85 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി ജനറൽ സിറിലിറ്റോ സൊബെജാന വ്യക്തമാക്കി.

എത്രപേരാണ് മരണപ്പെട്ടതെന്ന് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയിൽ നിന്ന് സൈനികരെ മാറ്റുന്നതിനിടെയായിരുന്നു വിമാനം തകർന്നു വീണത്.

കൊച്ചി: ഫ്‌ളാറ്റുകളിൽ വളർത്തു മൃഗങ്ങളെ അനുവദിക്കില്ലെന്ന നിലപാട് നിയമപരമല്ലെന്ന് ഹൈക്കോടതി. ആരും മൃഗങ്ങളെ വളർത്തരുതെന്ന് അസോസിയേഷനുകൾക്ക് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ കുറിച്ചും വളർത്തുമൃഗങ്ങളോടുള്ള ക്രൂരതയും സംബന്ധിച്ച പരാതി അന്വേഷിക്കാൻ കളക്ടർമാരെ അധികാരപ്പെടുത്തുന്നത് പരിഗണിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ മൃഗങ്ങളെ സംരക്ഷിക്കുന്നതു തടസപ്പെടുത്താൻ കഴിയില്ല. വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ വ്യക്തികൾക്കും സംരക്ഷിക്കപ്പെടാൻ മൃഗങ്ങൾക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ നിർദേശം ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.

കൊച്ചി കലൂർ സ്വദേശി റോഷൻ ജോസഫും അദ്ദേഹത്തിന്റെ വളർത്തുനായ ഓസ്‌കറും അനുഭവിക്കുന്ന പ്രശ്നങ്ങളും അടുത്തിടെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായത്. കലൂരിൽ ഫ്‌ളാറ്റിലാണ് റോഷൻ താമസിക്കുന്നത്. കോവിഡ് കാലത്ത് കൂടെ കൂട്ടിയതാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ. എന്നാൽ ഫ്‌ളാറ്റിലെ ചിലർക്ക് അത് ഇഷ്ടപ്പെടുന്നില്ലെന്നും ഒരു ദിവസം ഒരു വ്യക്തി തങ്ങളെ മർദിച്ചുവെന്നും റോഷന്റെ ആരോപണം. മേനക ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് പോലീസ് വിഷയത്തിൽ ഇടപെട്ടതെന്നും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ട വീഡിയോയിൽ റോഷൻ പറയുന്നു.

ഫ്‌ളാറ്റുകളിൽ ഇത്തരത്തിൽ അരുമ മൃഗത്തെ വളർത്താൻ കഴിയാതെ വിഷമിക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവർക്കു വേണ്ടി കൂടിയാണ് താൻ അനുഭവിച്ച വിഷമതകൾ പുറംലോകത്തെ അറിയിച്ചതെന്നും റോഷൻ വ്യക്തമാക്കി.

ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്തെ ടെക് ഭീമന്മാർ വളർച്ച നേടുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണ് ആർബിഐ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സാമ്പത്തിക സേവന രംഗത്ത് ടെക് കമ്പനികൾക്ക് മേധാവിത്വം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ വെളിപ്പെടുത്തൽ.

ഏത് കമ്പനികളാണെന്നോ ഏത് രാജ്യത്ത് നിന്നുള്ള കമ്പനികളാണെന്നോ ഉള്ള വിവരം ആർബിഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യൻ വിപണിയിൽ വൻകിട ടെക് കമ്പനികൾ സമീപ കാലത്ത് കാഴ്ചവെച്ച താത്പര്യവും സ്വാധീനവും വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ), തുടങ്ങിയ ഭീമന്മാർ കോടിക്കണക്കിന് രൂപയാണ് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നത്.

റീടെയ്ൽ സെക്ടറുമായി ബന്ധിപ്പിക്കുന്നതും ഇൻഷുറൻസ് വിൽപനയും മ്യൂച്വൽ ഫണ്ട് സേവനങ്ങളും തങ്ങളുടെ ആപ്പിൽ ലഭ്യമാക്കുന്നതും ബാങ്കുകളുടെ ഡിജിറ്റൽ വിപണിയിലെ ഓഹരിയെ കാർന്നുതിന്നുന്നതാണെന്ന് ആർബിഐ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ റീടെയ്ൽ വിപണിയിൽ ഡിജിറ്റൽ പേമെന്റ് വിഭാഗത്തിന്റെ ഭൂരിഭാഗവും ഫോൺപേയും ഗൂഗിൾ പേയുമാണ് കയ്യടക്കി വെച്ചിരിക്കുന്നത്.

വാഷിംഗ്ടൺ: ആണവായുധങ്ങൾ സൂക്ഷിക്കാൻ മരുഭൂമിയിൽ ചൈന ഭൂഗർഭ അറകൾ നിർമിച്ചതായി റിപ്പോർട്ട്. നൂറിലധികം ഭൂഗർഭ അറകളാണ് ചൈന മരുഭൂമിയിൽ നിർമ്മിച്ചിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഭൂഗർഭ അറകളുടെ നിർമാണം വ്യക്തമായത്. വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ആണവ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നീക്കമെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ നിർമാണം വലിയ അപകടത്തിന്റെ സൂചനകളാണ് നൽകുന്നതെന്ന് പഠനത്തിൽ പറയുന്നു. ഗൻസു പ്രവിശ്യയിൽ 119 ഭൂഗർഭ അറകളാണ് നിർമിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിക്കാനാണ് ഇവ നിർമ്മിക്കുന്നതെന്നാണ് വിവരം. 700 ചതുരശ്ര കിലോമീറ്ററിലായാണ് നിർമാണം നടക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

അമേരിക്കയുടെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ചൈന ആണവ ശക്തി വർധിപ്പിക്കുന്നത്. അമേരിക്കയുടെ മിസൈൽ ആക്രമണത്തെ തകർക്കാൻ ഇതിലൂടെ കഴിയും. 350 ആണവ ആയുധ ശേഖരങ്ങളാണ് ചൈനയ്ക്കുള്ളത്. മിസൈൽ ലോഞ്ചിങ് സെന്റർ, കേബിൾ കിടങ്ങുകൾ, റോഡുകൾ, സൈനിക താവളങ്ങൾ എന്നിവയും ചൈന നിർമ്മിക്കുന്നുണ്ട്.

അമേരിക്കയുമായുള്ള ബന്ധത്തിന് വിള്ളൽ വീണതിന് പിന്നാലെ ചൈന തങ്ങളുടെ ആയുധശേഖരത്തിന്റെ കരുതൽ വർധിപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് നേരത്തെ യുഎസ് ആണവായുധ മേധാവി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതേസമയം ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കു മതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരുന്നു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈന മറ്റൊരു രാജ്യത്തെയും അടിച്ചമർത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അതുപോലെ മറ്റൊരു വിദേശ ശക്തിയെയും രാജ്യത്തേക്ക് കടന്നുകയറാൻ അനുവദിക്കുകയുമില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നു.

കൊച്ചി: കിറ്റെക്‌സ് കമ്പനിയുമായി അനുരഞ്ജന നീക്കത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ കിറ്റെക്‌സിലെത്തി ചെയർമാൻ സാബു എം ജേക്കബിനെ നേരിൽ കണ്ട് പരാതികൾ കേട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് വ്യവസായിക വകുപ്പ് മന്ത്രി മന്ത്രി പി രാജീവ് അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയൊള്ളുവെന്നാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ തീരുമാനം.

സർക്കാരുമായി ഏർപ്പെട്ട 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് കിറ്റെക്‌സ് പിന്മാറിയത്. വിവിധ വകുപ്പുകളുടെ തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു കിറ്റെക്‌സിന്റെ പിന്മാറ്റം. തുടർന്നാണ് സർക്കാർ അനുരഞ്ജന നീക്കത്തിനായെത്തിയത്. കിറ്റക്സ് വിഷയം അതീവ ഗൗരവത്തോടെ കാണുന്നെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം ചില ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും നോട്ടീസ് അയക്കുകയാണെന്നാണ്് സാബു എം ജേക്കബിന്റെ ആരോപണം. തന്റെ സ്ഥാപനവുമായി ബന്ധമില്ലാത്ത നിയമം ഉപയോഗിച്ചാണ് നോട്ടീസ് അയക്കുന്നതെന്നും 76 നിയമങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഇൻസ്‌പെക്ടർ രണ്ടാം തീയതി നോട്ടീസ് നൽകിയതായും സാബു എം ജേക്കബ് വ്യക്തമാക്കുന്നു.

k rail

തിരുവനന്തപുരം: തിരുവനന്തപുരം- കാസറഗോഡ് കെ റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സമഗ്ര പാരിസ്ഥിതിക ആഘാത പഠനം തയ്യാറാക്കി, പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും ജനങ്ങൾക്ക് ചർച്ചയ്ക്കായി നൽകണമെന്നും അത്തരമൊരു ചർച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നുമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആവശ്യം.

കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവർത്തനങ്ങളുമാണ്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയിൽ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂർണമായ ഇലക്ട്രോണിക്സ് സിഗ്നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ ശേഷി വലിയ തോതിൽ വർധിപ്പിക്കാനും കൂടുതൽ വണ്ടികൾ ഓടിക്കാനും കഴിയുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ബ്രോഡ്ഗേജിൽ തന്നെ സമാന്തരമായി മൂന്ന്, നാല് ലൈനുകൾ ആദ്യം എറണാകുളം- ഷൊർണൂർ റൂട്ടിലും പിന്നിട് തിരുവനന്തപുരം- മാംഗളൂർ റൂട്ടിലും വന്നാൽ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസർകോടു വരെ 5- 6 മണിക്കൂറിൽ എത്താൻ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാൻ കഴിയുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമാക്കി.

കൂടാതെ 96 ശതമാനവും ബ്രോഡ്ഗേജിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവെയുമായി പൂരകമായി നിലകൊള്ളാനും കേരളത്തിൽ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും കഴിയും. കേരളത്തിലെ റെയിൽ യാത്രക്കാരിൽ ഭൂരിഭാഗവും അന്തർ സംസ്ഥാന യാത്രക്കാരും, അന്തർ ജില്ലാ യാത്രക്കാരുമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമാക്കി. അതിനാൽ ഇത്തരം കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ റെയിൽ ഗതാഗതം മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവെക്ക് മേൽ രാഷ്ട്രീയ സമ്മർദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണമെന്നും ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ റെയിൽവേക്ക് നൽകാൻ കഴിയുന്ന മറ്റു പിന്തുണ സംവിധാനങ്ങളും നൽകണം.

സിൽവർ ലൈൻ പദ്ധതി സ്റ്റാൻഡേർഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്ഗേജുമായി പരസ്പരം ചേർന്നുപോകില്ല. അതിനാൽ അന്തർ സംസ്ഥാന യാത്രക്കാർക്ക് പ്രയോജനം ചെയ്യില്ല. കൂടാതെ നിലവിലുള്ള പാതയിൽ നിന്ന് വളരെ മാറിയാണ്. അതുകൊണ്ടുതന്നെ അതൊരു ഒറ്റയാൻ പാതയായിരിക്കും.

ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപ എന്നത് ഇരട്ടിയെങ്കിലും ആകുമെന്ന് നീതി ആയോഗ് പറഞ്ഞുകഴിഞ്ഞു. പണി പൂർത്തിയാകുമ്പോൾ അതിൽ കൂടുതലാകുമെന്ന് വിദഗ്ധർ പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. ഒരു ട്രിപ്പിൽ 675 യാത്രക്കാരുള്ള 74 ട്രിപ്പുകൾ ആണ് പ്രതിദിനമെന്നു മനസ്സിലാക്കുന്നു. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോൾ കണക്കാക്കുന്നത്. തുടക്കത്തിൽ പ്രതിദിനം 79000 യാത്രക്കാർ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാവുന്നത് ഇത്രയും വലിയ ചാർജ് നല്കി ഇത്രയും യാത്രക്കാർ പ്രതിദിനം ഉണ്ടാകുമോയെന്നത് സംശയമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞു. ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് വിശദമാക്കുന്നു.

ഇത്രയും വലിയൊരു പ്രോജക്ടിന്റെ വിശദ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല. ലഭിച്ച വിവരം വെച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റർ ഉയരത്തിൽ തിരുവനന്തപുരം- കാസറഗോഡ് മതിൽ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങൾ, 11.5 കി.മീ. തുരങ്കങ്ങൾ 292 കി.മീ. എംബാങ്ക്മെന്റ് എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകൾ, പൊതു കെട്ടിടങ്ങൾ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ തന്നെ ഇന്ത്യൻ റെയിൽവെ പൊതുമേഖലയിൽ നിർമിച്ച അർധ അതിവേഗ തീവണ്ടികളായ ഗതിമാൻ, വന്ദേഭാരത് എന്നീ എക്സ്പ്രസ്സുകൾ ഓടിക്കുന്നുണ്ട്. അവ ബ്രോഡ്ഗേജിലാണ്. കേരളത്തിലും ബ്രോഡ്ഗേജ് പാത ശക്തിപ്പെടുത്തിയാൽ ഇത്തരം വണ്ടികൾ ഓടിക്കാം. ഇന്ത്യൻ റെയിൽവേയ്ക്ക് പൂരകമായ സംവിധാനം ഉണ്ടാക്കാനും കഴിയും. ലോകത്തിൽ ചില വികസിത രാജ്യങ്ങൾ സ്റ്റാന്റേർഡ് ഗേജ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് കേരളത്തിന് അത് അനുയോജ്യമാവണമെന്നില്ലല്ലോയെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നു.

ജനങ്ങൾക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ മെച്ചമാണല്ലോ സിൽവർ ലൈൻ കൊണ്ടുണ്ടാകേണ്ടത്. അത് ലഭ്യമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. അതിന്റെ തുടക്കമെന്ന നിലയിൽ പദ്ധതിയുടെ ഡി.പി.ആർ, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ചചെയ്യണം. സാമൂഹിക ചെലവുകൾ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരം പ്രാരംഭ നടപടികൾ പോലും പൂർത്തിയാക്കാതെ സിൽവർ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: ഓൺലൈനിൽ കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാൻ ശ്രമിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. എം അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ കെ മേനോൻ, യു.എ നസീർ, ഡോ. പി മുഹമ്മദലി, ഡോ. മോഹൻ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്‌കരൻ, നാസർ, കെ. മുരളീധരൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, സുനീഷ് പാറക്കൽ, മുഹമ്മദ് അമീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നിലവിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് ഓൺലൈൻ വിദ്യാഭ്യാസ രീതിയുടെ പ്രധാന പരിമിതി. കുട്ടികൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനുമുള്ള അവസരം ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നില്ല. കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത് ഫലംകണ്ടാൽ സാധാരണ ക്ലാസിൽ ഇരിക്കുന്ന അനുഭവം വിദ്യാർത്ഥിയ്ക്ക് ഉണ്ടാവും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ആശയം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പ്രയാസമുണ്ടാകും. അത് പരിഹരിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി ആലോചന നടത്തിയെന്നും വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി വിശദാക്കി. അപൂർവം ചില സ്ഥലങ്ങളിൽ പൊതു പഠനമുറി സജ്ജീകരിക്കേണ്ടതായുണ്ട്. ഒരു സ്‌കൂളിൽ എത്ര ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുത്ത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഈ കണക്കുകൾ ക്രോഡീകരിക്കും. ഡിജിറ്റൽ പഠനത്തിന് കുട്ടികൾക്കാവശ്യമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കും ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തി.

കണ്ണൂർ: സ്വർണ്ണക്കൊള്ള കേസിൽ ടി.പി കേസ് പ്രതികൾക്ക് പങ്കാളിത്തം. അർജുൻ ആയങ്കിയാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണ്ണം തട്ടിയെടുക്കാൻ സഹായിച്ചുവെന്നും ഇതിനുള്ള പ്രതിഫലം ഇവർക്ക് നൽകിയെന്നുമാണ് അർജുൻ ആയങ്കിയുടെ മൊഴി. കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിനൊടുവിലാണ് അർജുൻ ആയങ്കി കൊടി സുനിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കുമെതിരെ മൊഴി നൽകിയത്.

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയാണ് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തട്ടിയെടുക്കുന്ന സ്വർണത്തിന്റെ മൂന്നിൽ ഒരു പങ്ക് ടീമിന് നൽകുമെന്ന് പറയുന്ന ഫോൺ സംഭാഷണവും പുറത്തു വന്നിരുന്നു. ഒളിവിൽ കഴിയാൻ ടി.പി കേസ് പ്രതികൾ സഹായിച്ചുവെന്നും അർജ്ജുൻ ആയങ്കി മൊഴി നൽകിയിട്ടുണ്ട്.

അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടിസുനിയെയും ഷാഫിയെയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. തന്റെ ഫോൺ പുഴയിൽ എറിഞ്ഞുകളഞ്ഞു എന്നാണ് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയത്. എന്നാൽ ഈ മൊഴി കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അർജുൻ ആയങ്കിയുടെ വീട്ടിലും കാർ ആദ്യം ഉപേക്ഷിച്ച സ്ഥലത്തും ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് കേസ് അന്വേഷണ ചുമതല. വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. വിവരങ്ങൾ ചോർത്തിയത് ആരാണെന്നതിനെ കുറിച്ച് പരാതിയിൽ പറയുന്നില്ലെങ്കിലും ആരോപണങ്ങൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലേക്ക് എത്തിയേക്കാനാണ് സാധ്യത. ഇരട്ടവോട്ട് വിവാദം ഉയർത്തിക്കൊണ്ടുവന്നത് രമശ് ചെന്നിത്തലയായിരുന്നു. അതേസമയം തനിക്ക് വിവരങ്ങൾ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: അദ്ധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടും ദീര്‍ഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അദ്ധ്യാപക തസ്തികയിലേക്ക് മാറാന്‍ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

അരുവിക്കര ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന മൊബൈല്‍ ഫോണ്‍ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അദ്ധ്യാപകര്‍ സ്‌കൂളില്‍ തന്നെയാണ് ജോലി ചെയ്യേണ്ടത് എന്ന ഉത്തമ ബോധ്യമാണ് സര്‍ക്കാരിന് ഉള്ളത് എന്നും മന്ത്രി വ്യക്തമാക്കി.