രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന സിവിൽ കോഡ് ആവശ്യമാണ്; നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന സിവിൽ കോഡ് ആവശ്യമാണെന്ന് ഡൽഹി ഹൈക്കോടതി. കേന്ദ്ര സർക്കാർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മീണ വിഭാഗത്തിൽപ്പെട്ടവർക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ആധുനിക ഇന്ത്യൻ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിർവരമ്പുകൾ അവഗണിക്കുകയാണെന്നും ഹർജി പരിഗണിക്കവെ ജസ്റ്റിസ് പ്രതിഭ എം സിങ് വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങൾക്കും ഒരേ നിയമമാകും ബാധകമാവുക. നിലവിൽ വ്യത്യസ്ത നിയമങ്ങളാണ് വിവിധ മതവിഭാഗക്കാർക്കുള്ളത്. ഏകീകൃത സിവിൽ കോഡ് നിലവിൽ വരുമ്പോൾ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ നിയമം ബാധകമാകും.