ഓൺലൈൻ പഠനത്തിനായി പൊതുപ്ലാറ്റ്‌ഫോം ഒരുക്കി വിക്ടേഴ്‌സ്; അറിയാം ജി-സ്യൂട്ടിന്റെ പ്രത്യേകതകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി പ്ലാറ്റ്‌ഫോമൊരുക്കി കൈറ്റ്‌സ് വിക്ടേഴ്‌സ്. ജി സ്യൂട്ട് എന്ന പൊതു പ്ലാറ്റ്‌ഫോമാണ് ഓൺലൈൻ പഠനത്തിലായി വിക്ടേഴ്‌സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെയാണ് ഇതിലൂടെ വിക്ടേഴ്‌സ് പൊതു ഡൊമൈനിൽ കൊണ്ടുവരുന്നത്.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിൽ ഇതുവരെ അധ്യാപകന് മാത്രമെ സംസാരിക്കാൻ കഴിയുമായിരുന്നുള്ളു. കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായാണ് പൊതു പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്. പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ്‌ ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും.

സ്വകാര്യ സംവിധാനമാണെങ്കിലും പരസ്യങ്ങളുണ്ടാകില്ലെന്നതാണ് ഇതിന്റെ സവിശേഷത. വീഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെൻറുകൾ നൽകാനും ,ക്വിസുകൾ സംഘടിപ്പിക്കാനും, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ജി സ്യൂട്ടിലുണ്ടായിരിക്കും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്‌കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് ഷെയർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകൾ നിലവിൽ പരീക്ഷിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെക്കാൾ വിപുലവും ലളിതവുമായി സംവിധാനമായാണ് ജി സ്യൂട്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയ ശേഷം മാത്രമായിരിക്കും ജി സ്യൂട്ട് വഴിയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.