തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്കു പഠനസഹായത്തിനായി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെലവിട്ടത് 754.82 കോടി രൂപ. ഇത്രയധികം പണം ചെലവഴിച്ചിട്ടും സംസ്ഥാനത്ത് ഓൺലൈൻ പഠന സൗകര്യമില്ലാതെ രണ്ടുലക്ഷത്തോളം ആദിവാസി, ദളിത് വിദ്യാർഥികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മലയാള മാദ്ധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡിജിറ്റൽ-ഓൺലൈൻ പഠനസൗകര്യം ഏർപ്പെടുത്തണമെന്ന സർക്കാർ നിർദേശം ഒന്നരമാസമായിട്ടും വിവിധ വകുപ്പുകൾ അവഗണിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം അസാധ്യമായിരിക്കുന്ന സാഹചര്യത്തിലും 1.20 ലക്ഷം ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും വിദ്യാഭ്യാസവകുപ്പിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണ്.
ഈ വർഷത്തെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം ലഭ്യമല്ലാത്തത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും സാമൂഹിക പഠനമുറികൾ, സ്‌കൂളുകൾ എന്നിവയ്ക്കു പുറമേ അംഗൻവാടികൾ, ഊരുവിദ്യാകേന്ദ്രങ്ങൾ, എം.ജി.എൽ.സികൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ-ഓൺലൈൻ സൗകര്യങ്ങളേർപ്പെടുത്താനാണ് പട്ടികവർഗ വികസന വകുപ്പിന് നൽകിയിരുന്ന നിർദേശം. ഇവ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കോളനികളിൽ വിക്ടേഴ്സ് ചാനൽ ക്ലാസുകൾ റെക്കോഡ് ചെയ്ത് എത്തിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും കൃത്യമായി നടപ്പായില്ല. വിദ്യാഭ്യാസ, തദ്ദേശ, പട്ടികജാതി/വർഗവകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പഠന സൗകര്യങ്ങൾ ഏർപ്പെടുത്താൻ തടസമായത്.
സംസ്ഥാനത്താകെ 40 ലക്ഷത്തോളം വിദ്യാർഥികളാണുള്ളത്. അതിൽ 12% ആദിവാസി, ദളിത്, നിർധന വിദ്യാർഥികളാണ്. വനത്തിനുള്ളിൽ കഴിയുന്ന 70,117 ആദിവാസി വിദ്യാർഥികളുണ്ടെന്നാണു സർക്കാർ രേഖകളിൽ വ്യക്തമാക്കുന്നത്. ഇതിൽ 2,046 പേർക്ക് മാത്രമാണ് ഡിജിറ്റൽ പഠന സൗകര്യം ലഭിക്കാത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം ഈ കണക്ക് തെറ്റാണെന്നാണ് ആദിവാസി, മനുഷ്യാവകാശസംഘടനകൾ പറയുന്നത്. സ്‌കൂളുകളുടെ നേതൃത്വത്തിൽ കണക്കെടുത്ത്, തദ്ദേശാടിസ്ഥാനത്തിൽ ക്രോഡീകരിച്ചശേഷം 21-നകം വിദ്യാഭ്യാസ വകുപ്പിനു കൈമാറാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വിദ്യാഭ്യാസ വകുപ്പിൽ 1.20 ലക്ഷം കമ്പ്യൂട്ടറുകൾ കെട്ടിക്കിടക്കുന്നതായാണ് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നത്. സർക്കാർ സ്‌കൂളുകൾ ഹൈടെക് ആക്കാൻ വാങ്ങിക്കൂട്ടിയതാണിവയെല്ലാം. ഈ കമ്പ്യൂട്ടറുകൾ ഏകാധ്യാപകവിദ്യാലയങ്ങൾക്കും ആദിവാസി മേഖലകളിലെ ബാലവിഭവകേന്ദ്രങ്ങൾക്കും മെന്റർ ടീച്ചർമാർക്കും കൈമാറിയാൽ ഡിജിറ്റൽ പഠന സൗകര്യങ്ങളില്ലെന്ന പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
2016-17 കാലഘട്ടത്തിൽ 132.59 കോടി രൂപയും 2017-18 കാലഘട്ടത്തിൽ 238.33 കോടി രൂപയും 2018-19 കാലഘട്ടത്തിൽ 252.09 കോടി രൂപയും 2019-20 കാലഘട്ടത്തിൽ 131.81 കോടി രൂപയുമാണ് പട്ടികജാതി വകുപ്പ് ചെലവിട്ടത്.

