തിരുവനന്തപുരം: നിയന്ത്രണങ്ങൾക്ക് വിധേയമായി ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത. ഇക്കാര്യം ആവശ്യപ്പെട്ട് സമസ്ത കോഡിനേഷൻ കമ്മിറ്റി മലപ്പുറത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. ആരാധനാലയങ്ങൾക്ക് കൂടി ഇളവുകൾ നൽകണമെന്ന് കോവിഡ് നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം മത സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സമസ്ത ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കത്തയക്കുകയും ചെയ്തിരുന്നു.
എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചപ്പോൾ ആരാധനാലയങ്ങളിൽ ഇളവ് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് സമസ്ത പുതിയ നടപടികളുമായി മുന്നോട്ട് പോകുന്നത്.
‘ജുമുഅ നമസ്‌കാരം വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവരുടെ ഹജ്ജ് എന്നെല്ലാം ജുമുഅ നമസ്‌കാരത്തെ വിശേഷിപ്പിക്കാം. പക്ഷേ ആളുകൾ സംഘടിച്ച് നമസ്‌കരിക്കുന്നത് അല്ല ജുമുഅ നമസ്‌കാരം. 40 പേർ പങ്കെടുക്കണം എന്നാണ് ചട്ടം. നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല. ഇളവ് നൽകിയ മറ്റെല്ലാ മേഖലയിലും ഇതിലേറെ ആളുകൾ സംഘടിക്കുന്നുണ്ട്. പക്ഷേ പള്ളിയുടെ കാര്യത്തിൽ, ആരാധനയുടെ കാര്യത്തിൽ വരുമ്പോൾ കഴിയില്ല എന്ന നിലപാട് എന്ത് കൊണ്ടാണെന്ന്’ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാർ ചോദിച്ചു. മുഖ്യമന്ത്രിയും സർക്കാരും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആരാധനാലയങ്ങൾക്ക് പ്രവർത്തിക്കാനാകുമെന്നുമാണ് സമസ്ത നേതാക്കൾ പറയിുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി ഗണത്തിൽ പെടുന്ന ഇടങ്ങളിൽ ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകണമെന്നാണ് ഇവർ പറയുന്നത്. പള്ളിയുടെ വിസ്തൃതി, പ്രദേശത്തെ സാഹചര്യം ഇവ എല്ലാം കണക്കിലെടുത്ത് അനുമതി നൽകണം എന്നാണ് ആവശ്യം. ആരാധനയ്ക്ക് വേണ്ടി നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ പോലീസുകാർ ഫോട്ടോ എടുക്കുകയാണെന്നും ബീവറേജ് കോർപ്പറേഷന് മുൻപിൽ തടിച്ചുകൂടിയ ആളുകളുടെ ഫോട്ടോ എടുക്കാൻ ഒരു പൊലീസുകാരനെയും കാണുന്നില്ലെന്നും പി ഉബൈദുള്ള എം എൽ എ പറഞ്ഞു. ഇത് കടുത്ത വിവേചനമാണെന്നും മദ്യശാലകളിൽ ഇല്ലാത്ത കോവിഡ് എങ്ങനെയാണ് ആരാധനാലയങ്ങളിൽ എത്തുകയെന്നും അദ്ദേഹം പറയുന്നു.

