General (Page 1,487)

pinarayi

തിരുവനന്തപുരം: കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലേക്ക് കാര്യങ്ങൾ വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

‘കോവിഡ് രണ്ടാം ഘട്ടം മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയിട്ടും കേരളത്തിൽ അടങ്ങാത്തത് എന്തുകൊണ്ടെന്ന് പലർക്കും ആശങ്കയുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.

‘മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തിൽ മെയ് മാസത്തിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപിആർ 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000 ത്തിലേക്ക് ഉയർന്നു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുകയാണെന്ന്’ അദ്ദേഹം വിശദമാക്കി.

‘രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കോവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികൾക്ക് ഉചിതമായി ചികിത്സ നൽകാനായി. കോവിഡ് ആശുപത്രി കിടക്കകളിൽ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല. കാസ്പിൽ ചേർന്ന 282 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ സഹകരിച്ച് കോവിഡിനെ നേരിടുന്നുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർധിച്ചത്.

ഐസിഎംആറിൻറെ സെറോ പ്രിവലൻസ് പഠനം ഇന്ത്യയിലെ പല നഗരങ്ങളിലും 70 മുതൽ 80 ശതമാനം പേർക്ക് രോഗം വന്നു പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മരണങ്ങളുടെ റിപ്പോർട്ടിംഗ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല. എങ്കിലും മിക്ക സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിൽ റിപ്പോർടിംഗ് ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഐസിഎംആർൻറെ പഠനങ്ങൾ തെളിയിക്കുന്നു. ഒരുദാഹരണം മധ്യപ്രദേശാണ്. അധിക മരണങ്ങൾ കണ്ടെത്താൻ ഈ മെയ് മാസത്തിൽ നടത്തിയ എക്‌സസ് ഡെത്ത് അനാലിസിസ് പ്രകാരം 2019 മെയ് മാസത്തേക്കാൾ 1,33,000 അധിക മരണങ്ങളാണ് മധ്യപ്രദേശിൽ ഉണ്ടായതായി കണക്കാക്കപ്പെട്ടത്. എന്നാൽ 2461 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിപ്പോർട്ട് ചെയ്തതിൻറെ 54 ഇരട്ടിയാണ് അവിടെ സംഭവിച്ച മരണങ്ങളുടെ കണക്ക് എന്ന് കാണാം. അത്തരം പ്രശ്‌നങ്ങൾ നമ്മുടെ സംസ്ഥാനത്തില്ല.

കോവിഡിന്റെ ആദ്യ തരംഗ സമയത്തു ഇന്ത്യയിൽ ഒന്നാകെ 21 പേരിൽ രോഗബാധ ഉണ്ടാകുമ്പോൾ ആയിരുന്നു ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഏകദേശം 30 കേസുകൾ ഉണ്ടാകുമ്പോൾ ആയിരുന്നു ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കേരളത്തിൽ 3 കേസുകൾ ഉണ്ടാകുമ്പോൾ തന്നെ ഒരു കേസ് റിപ്പോർട്ട് ചെയ്യാൻ നമുക്കു സാധിച്ചു. ആ ജാഗ്രതയാണ് നാം ഇപ്പോഴും തുടരുന്നത്.

രണ്ടാംതരംഗത്തിൽ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെൽറ്റ വൈറസ് വകഭേദമാണ് കേരളത്തിൽ എത്തിയത്. ജനസാന്ദ്രത കൂടുതലായതുകൊണ്ട് ഡെൽറ്റ വൈറസ് വ്യാപനം കേരളത്തിൽ കൂടുതലായി സംഭവിച്ചു. മാത്രമല്ല ഗ്രാമനഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് തുടർച്ചയായി നിലനിൽക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്ന്പിടിക്കുന്ന സാഹചര്യമുണ്ടായി.

ഡെൽറ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർക്ക് റീ ഇൻഫക്ഷനും വാക്‌സിൻ എടുത്തവർക്ക് ബ്രേക്ക് ത്രൂ ഇൻഫക്ഷനും വരാനിടയായി. ഇപ്പോൾ പോസിറ്റീവാകുന്നവരിൽ പലരും ഈ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും മരണ സാധ്യത ഇല്ലെന്നതും ആശ്വാസകരമാണ്.

രോഗം പിടിപെടാതെ പരാമവധി ആളുകളെ സംരക്ഷിക്കുക എന്ന നയമാണ് നമ്മുടെ സംസ്ഥാനം ആദ്യം മുതൽ സ്വീകരിച്ചത്. എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആർജിക്കുക എന്നതല്ല, മറിച്ചു വാക്‌സിൻ ലഭ്യമാകുന്നത് വരെ രോഗം പരമാവധി ആളുകൾക്ക് വരാതെ നോക്കി മരണങ്ങൾ കഴിയുന്നത്ര തടയുക എന്ന നയമാണ് നാം പിന്തുടർന്നത്. രോഗത്തെ നിയന്ത്രണാതീതമായി പടർന്ന് പിടിക്കാൻ വിട്ടാൽ അതു പെട്ടെന്ന് ഉച്ചസ്ഥായിയിൽ എത്തി പെട്ടെന്ന് തന്നെ വ്യാപനം കുറയും. അത്തരത്തിൽ കുറെയേറെ മരണങ്ങൾ ഉണ്ടാകുന്നത് നോക്കാതെ രോഗവ്യാപനം പെട്ടെന്ന് കുറയ്ക്കാൻ അല്ല സംസ്ഥാനം ശ്രമിച്ചത്. മറിച്ച് പരമാവധി ജീവനുകൾ സംരക്ഷിക്കാൻ ആണ്. ആളുകൾക്ക് വാക്‌സിനേഷൻ നൽകി സാമൂഹിക പ്രതിരോധം നേടാനാണ് ശ്രമിക്കുന്നത്.

18 വയസ്സിനു മുകളിൽ ഉള്ള 43 ശതമാനം ആളുകൾക്ക് ഇതിനകം ഒരു ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. 12 ശതമാനം ആളുകൾക്കു രണ്ടാമത്തെ ഡോസ് വാക്‌സിനും നൽകി. ഏറ്റവും വേഗത്തിൽ വാക്‌സിനേഷൻ ചെയ്യുന്ന സംസ്ഥാനമാണ് കേരളം.

കേന്ദ്രത്തിൽ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ നാം മുൻപന്തിയിലാണ്. ഇക്കാര്യത്തിൽ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോൾ സ്വകാര്യ ആശുപത്രികൾ വഴിയും വാക്‌സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീൽഡ്, കോവാക്‌സിൻ വാക്‌സിനുകൾക്ക് പുറമേ റഷ്യയുടെ സ്പുട്ട്‌നിക്ക് വാക്‌സിനും ചില ആശുപത്രികൾ നൽകിവരുന്നു. അധികം വൈകാതെ ഇന്ത്യൻ അമേരിക്കൻ കമ്പനികളുടെ മറ്റ് വാക്‌സിനുകളും ലഭ്യമായി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

18 വയസ്സിന് മുകളിൽ 43 ശതമാനം പേർക്കാണ് വാക്‌സിൻ നൽകിയത്. അത് 70 ശതമാനമെങ്കിലും ആയാൽ മാത്രമേ ഹേർഡ് ഇമ്യൂണിറ്റി കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. വാക്‌സിനേഷൻ എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താൽ 60 ശതമാനം പേരെങ്കിലും ഇപ്പോൾ ഹേഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15ശതമാനം പേർക്ക് കൂടി വാക്‌സിനേഷൻ എത്രയും പെട്ടെന്ന് തന്നെ നൽകാനാനുള്ള നടപടികൾ എടുക്കും

നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ് ഓൺ ഇമ്മ്യൂണൈസേഷൻറെ ശുപാർശ പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ എടുക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ഗർഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാൽ കുഞ്ഞിനു പൂർണവളർച്ചയെത്തുന്നതിനു മുൻപ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന സൂചന. അതിനു പുറമേ ഗർഭിണികൾ കോവിഡ് ബാധിതരായാൽ ഐസിയു വെൻറിലേറ്റർ സൗകര്യങ്ങൾ നൽകേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്‌സിൻ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തിൽ ഗർഭിണികൾ വാക്‌സിൻ എടുക്കുന്നതിന് തയ്യാറാകണം. വാക്‌സിൻ നൽകുന്നതിനുള്ള മാർഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം: ആയുർവേദ സംസ്‌കാരത്തിന്റെ പ്രാധാന്യം ആഗോള തലത്തിൽ ഉയർത്തിയ പി കെ വാര്യരുടെ പേരിൽ ഒരു ഔഷധസസ്യം. ആയുർവേദ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനത്തിനുള്ള അംഗീകാരവുമായാണ് ഔഷധ സസ്യത്തിന് പി കെ വാര്യരുടെ പേര് നൽകിയത്. കണ്ണൂർ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ് പി കെ വാര്യരുടെ പേര് നൽകിയത്. ‘ജിംനോസ്റ്റാക്കിയം വാരിയരാനം’ എന്നാണ് ഈ സസ്യത്തിന്റെ പേര്.

സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സിൽപ്പെട്ട സസ്യവർഗമാണിത്. നവംബർ-മാർച്ച് മാസങ്ങൾക്കിടയിൽ പുഷ്പ്പിക്കുന്ന ഈ ചെടിയ്ക്ക് 70 സെന്റീമീറ്റർ വളർച്ചയുണ്ടാകും. പർപ്പിൾ നിറത്തിലുള്ള പുഷ്പങ്ങളാണ് ഈ ചെടിയിൽ ഉണ്ടാകുക. 2015 സെപ്തംബറിൽ കണ്ണൂരിലെ ആറളം വന്യജീവിസങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടർ കെ എം പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ നിന്നുള്ള അന്താരാഷ്ട്ര സസ്യവർഗീകരണ ജേർണലായ ക്യൂ ബുള്ളറ്റിനിൽ സസ്യം കണ്ടെത്തിയതിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

വംശനാശം നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഈ ചെടി കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തിൽ പരിപാലിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട 14 സസ്യങ്ങളാണുള്ളത്.

തിരുവനന്തപുരം: ബേക്കറി യൂണിറ്റ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശം നൽകി. നഗരകാര്യ ഡയറക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം കോർപ്പറേഷനിലെ റവന്യൂ ഇൻസ്‌പെക്ടറായിരുന്ന സുജിത് കുമാറാണ് യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ടത്. നിലവിൽ രാമനാട്ടുകര നഗരസഭയിൽ സൂപ്രണ്ടാണ് സുജിത് കുമാർ. ഈ സ്ഥാനത്ത് നിന്നും സസ്‌പെന്ഡ് ചെയ്യാനും അന്വേഷണം നടത്താനുമാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ബേക്കറി യൂണിറ്റിനു വേണ്ട കെട്ടിടത്തിന്റെ തരം മാറ്റാൻ അപേക്ഷ നൽകിയ സംരംഭകനോടാണ് സുജിത് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവത്തിൽ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ തിരുവനന്തപുരം കോർപ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും സംരംഭത്തിന് ലൈസൻസ് നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തി. അഴിമതിമുക്ത വികസിത കേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കിറ്റെക്‌സ് എംഡി സാബു ജേക്കബിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നിക്ഷേപസൗഹൃദമല്ലെന്ന കിറ്റക്സ് എംഡിയുടെ ആരോപണം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങളാണ് കേരളത്തെ കുറിച്ച് ഉയരുന്നത്. ഏറ്റവും വലിയ നിക്ഷേപസൗഹൃദമെന്ന അഭിപ്രായമാണ് പൊതുവേ കേരളത്തെക്കുറിച്ചുളളത്. ഒറ്റപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.. അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടുപോക്കിനെ തകർക്കാനുള്ള നീക്കമായേ എല്ലാവരും കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പരാതികൾ വന്നാൽ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാൻ ഈ സർക്കാർ തയ്യാറല്ല. അത് കേരളത്തിൽ വ്യവസായം നടത്തുന്ന എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. നിയമവും ചട്ടവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആയുർവേദ ആചാര്യൻ പി കെ വാര്യരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദത്തെ ജനപ്രിയമാക്കിയതിൽ പി കെ വാര്യർ നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പി കെ വാര്യരുടെ വിയോഗത്തിൽ അതീവ ദു:ഖിതനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഞായറാഴ്ച്ചയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പി കെ വാര്യർ അന്തരിച്ചത്. കോട്ടയ്ക്കലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ആയുർവേദത്തിന്റെ പ്രാധാന്യം ആഗോളതലത്തിലേക്കുയർത്തിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹം. പന്നിയമ്പള്ളി പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും കോടിതലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും മകനായി 1921 ജൂൺ അഞ്ചിനാണ് പി കെ വാര്യർ ജനിച്ചത്. പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ, കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ബിരുദം, മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ ഡി എസ് സി ബിരുദം, നേപ്പാളിലെ ഭൂപാൽ മാൻസിംഗ് കാർക്കി പുരസ്‌കാരം, ആൾ ഇന്ത്യ ആയുർവേദ കോൺഗ്രസിന്റെ അഷ്ടാംഗരത്ന പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും പി കെ വാര്യരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ആയുർവേദത്തെ ആ?ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തെ പോലുള്ളവർ ഈ ദൗത്യം ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.

അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്.

മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രംഗത്തെ കുലപതിയാണ്. വൈദ്യരത്‌നം പി എസ് വാര്യർ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വർഷം പി കെ വാര്യർ നയിച്ചു. അദ്ദേഹം എന്നും സ്‌നേഹ വാൽസല്യങ്ങളോടെയുള്ള പരിഗണന തനിക്ക് നൽകിയിരുന്നു എന്നതും ഓർമ്മിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്‌നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ലക്‌നൗ: ജനസംഖ്യ നിയന്ത്രണ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതുസംബന്ധിച്ച നിയമത്തിന്റെ കരട് യോഗി സർക്കാർ പുറത്തിറക്കി. രണ്ടിൽ അധികം കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് സർക്കാർ പദ്ധതികളിൽ ഉൾപ്പെടെ നിയന്ത്രണം വരുമെന്നാണ് കരടിൽ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു കുട്ടികളുള്ള കുടുംബങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്ക് സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം കുറയുമെന്നും റേഷൻ കാർഡിൽ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂവെന്നും കരടിൽ വിശദീകരിക്കുന്നുണ്ടെന്നാണ് ദേശയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടിൽ അധികം കുട്ടികൾ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ, സർക്കാർ ജോലികളിൽ അപേക്ഷിക്കാനോ സാധിക്കില്ല. രണ്ട് കുട്ടികൾ മാത്രം ഉള്ളവർ ഇൻസെൻറീവുകൾക്ക് അർഹരാകും. കൂടാതെ ഇത്തരക്കാർക്ക് അവരുടെ സർവീസിനിടെ രണ്ട് അധിക ശമ്പള വർദ്ധനവിന് അർഹതയുണ്ടാകും. വീട് വാങ്ങുന്നതിനും ഇത്തരക്കാർക്ക് സബ്‌സിഡി ലഭിക്കുകയും ഇപിഎഫ് പെൻഷൻ സ്‌കീമിൽ ഇത്തരക്കാർക്ക് യൂട്ടിലിറ്റി ചാർജിൽ 3 ശതമാനം റിബേറ്റ് ലഭിക്കുകയും ചെയ്യും.

ഒരു കുട്ടി മാത്രം ഉള്ളവരാണെങ്കിൽ ആനുകൂല്യങ്ങൾ വീണ്ടും വർദ്ധിക്കും. ഒരു കുഞ്ഞ് ഉള്ളവർക്ക് സർവീസ് കാലത്ത് നാല് അധിക ശമ്പള വർദ്ധനവ് ലഭിക്കും. 20 വയസു വരെ കുട്ടിയ്ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും ലഭിക്കും. സ്‌കൂൾ അഡ്മിഷന് കുട്ടിക്ക് മുൻതൂക്കം ലഭിക്കുകയും ബിരുദ തലം വരെ കുട്ടിയുടെ പഠന ചെലവ് സൗജന്യമായിരിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയമത്തിൻറെ കരട് സംസ്ഥാന നിയമ കമ്മീഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. പൊതുജന അഭിപ്രായത്തിനായി ജൂലൈ വരെ കരട് ലഭ്യമായിരിക്കും. മതപരമായ കാരണങ്ങളാലും വ്യക്തിനിയമത്തിന്റെ ആനുകൂല്യത്തിന്റെ ഫലമായും ഒന്നിലധികം വിവാഹത്തിന് അനുവാദം ഉള്ളവർ ഉണ്ടാകും. ഇത്തരത്തിൽ ഒന്നിലേറെ വിവാഹബന്ധങ്ങളിൽ കുട്ടികൾ ഉണ്ടെങ്കിലും ഭാര്യയായലും ഭർത്താവ് ആയാലും ഈ നിയമപ്രകാരം ഒരു വ്യക്തിയായാണ് പരിഗണിക്കുകയെന്നും കരടിൽ പറയുന്നു.

അതേസമയം ആനുകൂല്യങ്ങൾ കൈപറ്റിയ ശേഷം രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ തിരികെ പിടിക്കണമെന്നാണ് കരടിൽ നിർദ്ദേശിക്കുന്നത്. നിയമത്തിന്റെ കരടിൽ വരുന്ന നിർദേശങ്ങൾ കൂട്ടിച്ചേർത്ത ശേഷം ഓഗസ്റ്റോടെ നിയമം സർക്കാറിന് സമർപ്പിക്കാനാണ് ഉത്തർപ്രദേശ് നിയമ കമ്മീഷൻ പദ്ധതിയിടുന്നതെന്ന് അദ്ധ്യക്ഷൻ എ എൻ മിത്തൽ വ്യക്തമാക്കി.

ന്യൂഡൽഹി: സുള്ളി ഡീൽസ് ആപ്പിനെതിരെ നടപടി. മുസ്ലീം സ്ത്രീകളെ വിൽക്കാനുണ്ടെന്ന പരസ്യം വിവാദമായതിനെ തുടർന്നാണ് സുള്ളി ഡീൽസിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ഐപിസി 354 എ വകുപ്പ് പ്രകാരം സുള്ളി ഡീൽസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ് നീക്കം ചെയ്യുകയും ചെയ്തു.

ഇന്ത്യയിലെ ഡസൻ കണക്കിന് മുസ്ലീം സ്ത്രീകളെ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചതായുള്ള സുള്ളി ഡീൽസ് ആപ്പ് പരസ്യം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രത്യക്ഷപ്പെടുന്നത്. സുള്ളി ഡീൽസ് എന്ന വെബ്സൈറ്റിൽ ഇന്നത്തെ ഡീൽ’ എന്ന അടിക്കുറിപ്പോടെ ചില പ്രൊഫൈലുകളിൽ നിന്ന് മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ ശേഖരിച്ച് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം വനിതാ ആക്ടിവിസ്റ്റുകൾ, ജേർണലിസ്റ്റുകൾ, വിദ്യാർത്ഥിനികൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് ആപ്പ് പ്രവർത്തിച്ചിരുന്നത്. ആപ്ലിക്കേഷനെതിരെ നിരവധി പേർ രംഗത്തെത്തിയതോടെയാണ് സുള്ളി ഡീൽസ് ആപ്പ് നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്.

മുസ്ലിം സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് അവഹേളിക്കുന്ന രീതിയിലുള്ള ആപ്പ് നിർമ്മിച്ചതിനു പിന്നിൽ വൻ ശക്തികളാണെന്നാണ് ഉയരുന്ന ആരോപണം.

m sivasanker

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടി. ഈ മാസം 16 ന് ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടുന്ന കാര്യം സർക്കാർ കേന്ദ്രത്തെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഐ.ടി. വകുപ്പ് സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ 2020 ജൂലായ് 17-നാണ് ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ശിവശങ്കറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. സ്വപ്നയ്ക്കുള്ള നിയമന ശുപാർശ, കേസിൽ ശിവശങ്കർ പ്രതിയാവാനുള്ള സാധ്യത, 1968 ലെ ഓൾ ഇന്ത്യ സർവീസിലെ പെരുമാറ്റ ചട്ടം ലംഘിച്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ ആതിഥ്യം സ്വീകരിച്ചു തുടങ്ങിയവയാണ് ശിവശങ്കറിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ സമിതി വ്യക്തമാക്കിയിരുന്നത്.

ശിവശങ്കറിനെതിരെ ഇതുവരെ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുകയും ചെയ്തിട്ടില്ല. അതേസമയം കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ട്. സ്വപ്നയ്ക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ശുപാർശയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

തിരുവനന്തപുരം: റേഷൻ അരി കരിഞ്ചന്തയിൽ. റേഷൻ വിതരണത്തിനുള്ള അരി സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തിയ ശേഷം പകരം ഭക്ഷ്യസുരക്ഷാ ഗോഡൗണുകളിലെ ഉപയോഗശൂന്യമായ അരി ചാക്കുകളിൽ നിറച്ച് റേഷൻ കടകളിൽ എത്തിക്കുന്നതായി റിപ്പോർട്ട്. ഇതും സംബന്ധിച്ച രഹസ്യ വിവരം വിജിലൻസ് വിഭാഗത്തിന് ലഭിച്ചു. റേഷൻ കടകളിൽ എത്തുന്ന ഒരു ലോഡ് അരിയിൽ 10 മുതൽ 12 വരെ ചാക്കുകൾ ഇത്തരത്തിലുള്ളതായിരിക്കുമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന വിവരം.

പൊതുവിതരണം സുതാര്യവും കാര്യക്ഷമവുമാക്കാൻ മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടയിലാണ് ഒരു സംഘം ഉദ്യോഗസ്ഥർ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. നേരത്തെ വലിയതുറ ഗോഡൗൺ സന്ദർശിച്ച ജിആർ അനിൽ കുത്തിക്കെട്ടി വച്ചിരുന്ന ചാക്കുകൾ മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കുത്തിക്കെട്ടിയ അരി മറ്റ് ഗോഡൗണുകളിൽ നിന്ന് ഇപ്പോഴും എത്തുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

കരിഞ്ചന്തയിൽ വിൽക്കാനാണ് സ്വകാര്യ ഗോഡൗണുകളിലേക്ക് അരി കടത്തുന്നത്. ഈ അരിയ്ക്ക് പകരം ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലെത്തിക്കുന്ന അരിയിൽ ചത്ത എലി മുതൽ മൃഗങ്ങളുടെ കാഷ്ടം വരെ ഉണ്ടാകുമെന്നാണ് ആക്ഷേപം. എഫ്.സി.ഐയുടെ മുദ്ര ഇല്ലാത്ത ചാക്കുകൾ വ്യാപാരികൾ കൈപ്പറ്റരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി അരി റേഷൻ കടകളിൽ ഇറക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുമെന്നും റേഷൻ വ്യാപാരികൾ പറയുന്നു. എറണാകുളത്തെ റേഷൻ കടകളിൽ മോശം അരി എത്തിയതിനെ തുടർന്ന് കൊച്ചി, അങ്കമാലി എഫ്.സി.ഐ ഗോഡൗണുകളിൽ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.

അതേസമയം ഇതിനെതിരെ പരാതിപ്പെട്ട ഒരു റേഷൻ വ്യാപാരിയിൽ നിന്നും പിഴ ഈടാക്കിയതായുള്ള ആക്ഷേപവും ഉയരുന്നുണ്ട്. 300 കിലോ മോശം പുഴുക്കലരിയാണ് കുത്തിക്കെട്ടിയ ചാക്കുകളിൽ ചിറയിൻകീഴിലെ ഒരു റേഷൻ കടയിൽ ഇറക്കിയത്. ഈ ചാക്കുകൾ കടയിൽ സൂക്ഷിക്കാനാവില്ലെന്ന് വ്യാപാരി അറിയിച്ചെങ്കിലും കരാറുകാരൻ സമ്മതിച്ചില്ല. തുടർന്ന് റേഷൻ ഇൻസ്‌പെക്ടർ കടയിലെത്തി പരിശോധിച്ച് 300 കിലോ അരിയും വിതരണയോഗ്യമല്ലെന്ന് എഴുതി നൽകി. എന്നാൽ രണ്ട് മാസത്തിന് ശേഷം, ഈ ചാക്കുകൾ കടയിലിരുന്ന് നശിച്ചതാണെന്നു പറഞ്ഞ് വ്യാപാരിയിൽ നിന്ന് 22,217 രൂപ പിഴ ഈടാക്കിയതായാണ് പരാതി.

തൃശൂർ: മിൽമ ചെയർമാൻ പി എ ബാലൻ അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസായിരുന്നു. മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു അദ്ദേഹം. മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാനായിരുന്ന അദ്ദേഹം സഹകരണ മേഖലയിൽ 45 വർഷത്തിലേറെയായി പ്രവർത്തിക്കുന്നുണ്ട്. മിൽമയുടെ സ്ഥാപക നേതാക്കളിലൊരാൾ കൂടിയാണ് അദ്ദേഹം. 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി എന്ന നിലയിലും പി എ ബാലൻ പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചയാളാണ് അദ്ദേഹം. അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ മെംബർ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്‌കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.