തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടി. ഈ മാസം 16 ന് ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടുന്ന കാര്യം സർക്കാർ കേന്ദ്രത്തെ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഐ.ടി. വകുപ്പ് സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ 2020 ജൂലായ് 17-നാണ് ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ശിവശങ്കറിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. സ്വപ്നയ്ക്കുള്ള നിയമന ശുപാർശ, കേസിൽ ശിവശങ്കർ പ്രതിയാവാനുള്ള സാധ്യത, 1968 ലെ ഓൾ ഇന്ത്യ സർവീസിലെ പെരുമാറ്റ ചട്ടം ലംഘിച്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ ആതിഥ്യം സ്വീകരിച്ചു തുടങ്ങിയവയാണ് ശിവശങ്കറിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ സമിതി വ്യക്തമാക്കിയിരുന്നത്.
ശിവശങ്കറിനെതിരെ ഇതുവരെ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുകയും ചെയ്തിട്ടില്ല. അതേസമയം കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ട്. സ്വപ്നയ്ക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ശുപാർശയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

