ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനത്തിനുള്ള അംഗീകാരം; പി കെ വാര്യരുടെ പേരിൽ ഒരു ഔഷധസസ്യം

മലപ്പുറം: ആയുർവേദ സംസ്‌കാരത്തിന്റെ പ്രാധാന്യം ആഗോള തലത്തിൽ ഉയർത്തിയ പി കെ വാര്യരുടെ പേരിൽ ഒരു ഔഷധസസ്യം. ആയുർവേദ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനത്തിനുള്ള അംഗീകാരവുമായാണ് ഔഷധ സസ്യത്തിന് പി കെ വാര്യരുടെ പേര് നൽകിയത്. കണ്ണൂർ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ് പി കെ വാര്യരുടെ പേര് നൽകിയത്. ‘ജിംനോസ്റ്റാക്കിയം വാരിയരാനം’ എന്നാണ് ഈ സസ്യത്തിന്റെ പേര്.

സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സിൽപ്പെട്ട സസ്യവർഗമാണിത്. നവംബർ-മാർച്ച് മാസങ്ങൾക്കിടയിൽ പുഷ്പ്പിക്കുന്ന ഈ ചെടിയ്ക്ക് 70 സെന്റീമീറ്റർ വളർച്ചയുണ്ടാകും. പർപ്പിൾ നിറത്തിലുള്ള പുഷ്പങ്ങളാണ് ഈ ചെടിയിൽ ഉണ്ടാകുക. 2015 സെപ്തംബറിൽ കണ്ണൂരിലെ ആറളം വന്യജീവിസങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടർ കെ എം പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ നിന്നുള്ള അന്താരാഷ്ട്ര സസ്യവർഗീകരണ ജേർണലായ ക്യൂ ബുള്ളറ്റിനിൽ സസ്യം കണ്ടെത്തിയതിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

വംശനാശം നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഈ ചെടി കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തിൽ പരിപാലിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട 14 സസ്യങ്ങളാണുള്ളത്.