കേരളം നിക്ഷേപസൗഹൃദമല്ലെന്ന ആരോപണം സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; സാബു ജേക്കബിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കിറ്റെക്‌സ് എംഡി സാബു ജേക്കബിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നിക്ഷേപസൗഹൃദമല്ലെന്ന കിറ്റക്സ് എംഡിയുടെ ആരോപണം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങളാണ് കേരളത്തെ കുറിച്ച് ഉയരുന്നത്. ഏറ്റവും വലിയ നിക്ഷേപസൗഹൃദമെന്ന അഭിപ്രായമാണ് പൊതുവേ കേരളത്തെക്കുറിച്ചുളളത്. ഒറ്റപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.. അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടുപോക്കിനെ തകർക്കാനുള്ള നീക്കമായേ എല്ലാവരും കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പരാതികൾ വന്നാൽ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാൻ ഈ സർക്കാർ തയ്യാറല്ല. അത് കേരളത്തിൽ വ്യവസായം നടത്തുന്ന എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. നിയമവും ചട്ടവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.