തിരുവനന്തപുരം: റേഷൻ അരി കരിഞ്ചന്തയിൽ. റേഷൻ വിതരണത്തിനുള്ള അരി സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തിയ ശേഷം പകരം ഭക്ഷ്യസുരക്ഷാ ഗോഡൗണുകളിലെ ഉപയോഗശൂന്യമായ അരി ചാക്കുകളിൽ നിറച്ച് റേഷൻ കടകളിൽ എത്തിക്കുന്നതായി റിപ്പോർട്ട്. ഇതും സംബന്ധിച്ച രഹസ്യ വിവരം വിജിലൻസ് വിഭാഗത്തിന് ലഭിച്ചു. റേഷൻ കടകളിൽ എത്തുന്ന ഒരു ലോഡ് അരിയിൽ 10 മുതൽ 12 വരെ ചാക്കുകൾ ഇത്തരത്തിലുള്ളതായിരിക്കുമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന വിവരം.
പൊതുവിതരണം സുതാര്യവും കാര്യക്ഷമവുമാക്കാൻ മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടയിലാണ് ഒരു സംഘം ഉദ്യോഗസ്ഥർ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. നേരത്തെ വലിയതുറ ഗോഡൗൺ സന്ദർശിച്ച ജിആർ അനിൽ കുത്തിക്കെട്ടി വച്ചിരുന്ന ചാക്കുകൾ മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കുത്തിക്കെട്ടിയ അരി മറ്റ് ഗോഡൗണുകളിൽ നിന്ന് ഇപ്പോഴും എത്തുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
കരിഞ്ചന്തയിൽ വിൽക്കാനാണ് സ്വകാര്യ ഗോഡൗണുകളിലേക്ക് അരി കടത്തുന്നത്. ഈ അരിയ്ക്ക് പകരം ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലെത്തിക്കുന്ന അരിയിൽ ചത്ത എലി മുതൽ മൃഗങ്ങളുടെ കാഷ്ടം വരെ ഉണ്ടാകുമെന്നാണ് ആക്ഷേപം. എഫ്.സി.ഐയുടെ മുദ്ര ഇല്ലാത്ത ചാക്കുകൾ വ്യാപാരികൾ കൈപ്പറ്റരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി അരി റേഷൻ കടകളിൽ ഇറക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുമെന്നും റേഷൻ വ്യാപാരികൾ പറയുന്നു. എറണാകുളത്തെ റേഷൻ കടകളിൽ മോശം അരി എത്തിയതിനെ തുടർന്ന് കൊച്ചി, അങ്കമാലി എഫ്.സി.ഐ ഗോഡൗണുകളിൽ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
അതേസമയം ഇതിനെതിരെ പരാതിപ്പെട്ട ഒരു റേഷൻ വ്യാപാരിയിൽ നിന്നും പിഴ ഈടാക്കിയതായുള്ള ആക്ഷേപവും ഉയരുന്നുണ്ട്. 300 കിലോ മോശം പുഴുക്കലരിയാണ് കുത്തിക്കെട്ടിയ ചാക്കുകളിൽ ചിറയിൻകീഴിലെ ഒരു റേഷൻ കടയിൽ ഇറക്കിയത്. ഈ ചാക്കുകൾ കടയിൽ സൂക്ഷിക്കാനാവില്ലെന്ന് വ്യാപാരി അറിയിച്ചെങ്കിലും കരാറുകാരൻ സമ്മതിച്ചില്ല. തുടർന്ന് റേഷൻ ഇൻസ്‌പെക്ടർ കടയിലെത്തി പരിശോധിച്ച് 300 കിലോ അരിയും വിതരണയോഗ്യമല്ലെന്ന് എഴുതി നൽകി. എന്നാൽ രണ്ട് മാസത്തിന് ശേഷം, ഈ ചാക്കുകൾ കടയിലിരുന്ന് നശിച്ചതാണെന്നു പറഞ്ഞ് വ്യാപാരിയിൽ നിന്ന് 22,217 രൂപ പിഴ ഈടാക്കിയതായാണ് പരാതി.

