ന്യൂഡൽഹി: ആയുർവേദ ആചാര്യൻ പി കെ വാര്യരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുർവേദത്തെ ജനപ്രിയമാക്കിയതിൽ പി കെ വാര്യർ നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി കെ വാര്യരുടെ വിയോഗത്തിൽ അതീവ ദു:ഖിതനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച്ചയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പി കെ വാര്യർ അന്തരിച്ചത്. കോട്ടയ്ക്കലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ആയുർവേദത്തിന്റെ പ്രാധാന്യം ആഗോളതലത്തിലേക്കുയർത്തിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹം. പന്നിയമ്പള്ളി പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും കോടിതലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും മകനായി 1921 ജൂൺ അഞ്ചിനാണ് പി കെ വാര്യർ ജനിച്ചത്. പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ, കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ബിരുദം, മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ ഡി എസ് സി ബിരുദം, നേപ്പാളിലെ ഭൂപാൽ മാൻസിംഗ് കാർക്കി പുരസ്‌കാരം, ആൾ ഇന്ത്യ ആയുർവേദ കോൺഗ്രസിന്റെ അഷ്ടാംഗരത്ന പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും പി കെ വാര്യരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ആയുർവേദത്തെ ആ?ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തെ പോലുള്ളവർ ഈ ദൗത്യം ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.
അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്.
മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രംഗത്തെ കുലപതിയാണ്. വൈദ്യരത്‌നം പി എസ് വാര്യർ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വർഷം പി കെ വാര്യർ നയിച്ചു. അദ്ദേഹം എന്നും സ്‌നേഹ വാൽസല്യങ്ങളോടെയുള്ള പരിഗണന തനിക്ക് നൽകിയിരുന്നു എന്നതും ഓർമ്മിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്‌നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

