ലക്‌നൗ: ജനസംഖ്യ നിയന്ത്രണ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതുസംബന്ധിച്ച നിയമത്തിന്റെ കരട് യോഗി സർക്കാർ പുറത്തിറക്കി. രണ്ടിൽ അധികം കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് സർക്കാർ പദ്ധതികളിൽ ഉൾപ്പെടെ നിയന്ത്രണം വരുമെന്നാണ് കരടിൽ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു കുട്ടികളുള്ള കുടുംബങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്ക് സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം കുറയുമെന്നും റേഷൻ കാർഡിൽ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂവെന്നും കരടിൽ വിശദീകരിക്കുന്നുണ്ടെന്നാണ് ദേശയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടിൽ അധികം കുട്ടികൾ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ, സർക്കാർ ജോലികളിൽ അപേക്ഷിക്കാനോ സാധിക്കില്ല. രണ്ട് കുട്ടികൾ മാത്രം ഉള്ളവർ ഇൻസെൻറീവുകൾക്ക് അർഹരാകും. കൂടാതെ ഇത്തരക്കാർക്ക് അവരുടെ സർവീസിനിടെ രണ്ട് അധിക ശമ്പള വർദ്ധനവിന് അർഹതയുണ്ടാകും. വീട് വാങ്ങുന്നതിനും ഇത്തരക്കാർക്ക് സബ്‌സിഡി ലഭിക്കുകയും ഇപിഎഫ് പെൻഷൻ സ്‌കീമിൽ ഇത്തരക്കാർക്ക് യൂട്ടിലിറ്റി ചാർജിൽ 3 ശതമാനം റിബേറ്റ് ലഭിക്കുകയും ചെയ്യും.
ഒരു കുട്ടി മാത്രം ഉള്ളവരാണെങ്കിൽ ആനുകൂല്യങ്ങൾ വീണ്ടും വർദ്ധിക്കും. ഒരു കുഞ്ഞ് ഉള്ളവർക്ക് സർവീസ് കാലത്ത് നാല് അധിക ശമ്പള വർദ്ധനവ് ലഭിക്കും. 20 വയസു വരെ കുട്ടിയ്ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും ലഭിക്കും. സ്‌കൂൾ അഡ്മിഷന് കുട്ടിക്ക് മുൻതൂക്കം ലഭിക്കുകയും ബിരുദ തലം വരെ കുട്ടിയുടെ പഠന ചെലവ് സൗജന്യമായിരിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിയമത്തിൻറെ കരട് സംസ്ഥാന നിയമ കമ്മീഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. പൊതുജന അഭിപ്രായത്തിനായി ജൂലൈ വരെ കരട് ലഭ്യമായിരിക്കും. മതപരമായ കാരണങ്ങളാലും വ്യക്തിനിയമത്തിന്റെ ആനുകൂല്യത്തിന്റെ ഫലമായും ഒന്നിലധികം വിവാഹത്തിന് അനുവാദം ഉള്ളവർ ഉണ്ടാകും. ഇത്തരത്തിൽ ഒന്നിലേറെ വിവാഹബന്ധങ്ങളിൽ കുട്ടികൾ ഉണ്ടെങ്കിലും ഭാര്യയായലും ഭർത്താവ് ആയാലും ഈ നിയമപ്രകാരം ഒരു വ്യക്തിയായാണ് പരിഗണിക്കുകയെന്നും കരടിൽ പറയുന്നു.
അതേസമയം ആനുകൂല്യങ്ങൾ കൈപറ്റിയ ശേഷം രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ തിരികെ പിടിക്കണമെന്നാണ് കരടിൽ നിർദ്ദേശിക്കുന്നത്. നിയമത്തിന്റെ കരടിൽ വരുന്ന നിർദേശങ്ങൾ കൂട്ടിച്ചേർത്ത ശേഷം ഓഗസ്റ്റോടെ നിയമം സർക്കാറിന് സമർപ്പിക്കാനാണ് ഉത്തർപ്രദേശ് നിയമ കമ്മീഷൻ പദ്ധതിയിടുന്നതെന്ന് അദ്ധ്യക്ഷൻ എ എൻ മിത്തൽ വ്യക്തമാക്കി.

