General (Page 1,486)

ന്യൂഡൽഹി: ജിസാറ്റ് 1 ഉപഗ്രഹം ഓഗസ്റ്റ് 12 ന് വിക്ഷേപിക്കും. ജിഎസ്എൽവിഎഫ് 10 റോക്കറ്റ് ഉപയോഗിച്ചാണ് ജി സാറ്റ് ഉപഗ്രഹം വിക്ഷേപിക്കുക. കോവിഡിനെ തുടർന്ന് നിരവധി തവണ മാറ്റിവെച്ച വിക്ഷേപണമാണ് ഓഗസ്റ്റ് 12 ന് നടക്കുക. പിഎസ്എൽവിസി 51 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിനു ശേഷം നടത്തുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട വിക്ഷേപണമാണിത്. ഫെബ്രുവരി 28 നാണ് പിഎസ്എൽവി 51 ദൗത്യം വിക്ഷേപിച്ചത്.

മാർച്ച് മാസത്തിലാണ് ജിസാറ്റ് 1 ഉപഗ്രഹം ആദ്യം വിക്ഷേപിക്കാനിരുന്നത്. സാങ്കേതിക കാരണങ്ങളാൽ അന്ന് അത് മാറ്റിവെയ്‌ക്കേണ്ടി വന്നു. പിന്നീട് ഏപ്രിലിലും തുടർന്നു മെയ് മാസത്തിലും വിക്ഷേപണം നടത്താൻ പദ്ധതിയിട്ടെങ്കിലും കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് വിക്ഷേപണം വീണ്ടും നീണ്ടു പോകുകയായിരുന്നു. മേഘരഹിതമായ സാഹചര്യങ്ങളിൽ, ലൈവ് നിരീക്ഷണത്തിന് ജിസാറ്റ് 1 സഹായിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നത്. ഒരു ജിയോ സിൻക്രണസ് ട്രാൻസ്ഫർ ഭ്രമണപഥത്തിൽ ജിഎസ്എൽവിഎഫ് 10 ജിസാറ്റ് 1-നെ സ്ഥാപിക്കും തുടർന്ന് ഭൂമിയുടെ മധ്യരേഖയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിൽ അന്തിമ ജിയോസ്റ്റേഷണറി ഭ്രമണപഥത്തിൽ ഉയർത്തും.

രാജ്യ അതിർത്തികളുടെ തത്സമയ ചിത്രങ്ങൾ ജിസാറ്റ് 1 ഉപഗ്രഹം നൽകും. ഇത് പ്രകൃതിദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കും. ജിയോസ്റ്റേഷണറി ഭ്രമണപഥത്തിൽ അത്യാധുനിക അജൈൽ എർത്ത് നിരീക്ഷണ ഉപഗ്രഹം സ്ഥാപിക്കുന്നത് പ്രധാന ഗുണങ്ങളാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തെയും സമുദ്രങ്ങളെയും പ്രത്യേകിച്ച് അതിർത്തികളെയും തുടർച്ചയായി നിരീക്ഷിക്കാൻ ഉപഗ്രഹം അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. കൃഷി, വനം, ധാതുശാസ്ത്രം, ദുരന്ത മുന്നറിയിപ്പ്, ക്ലൗഡ് പ്രോപ്പർട്ടികൾ, ഹിമവും ഹിമാനിയും, സമുദ്രശാസ്ത്രം എന്നിവയുടെ സ്പെക്ട്രൽ ഒപ്പുകൾ നേടുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താനാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധികളും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിക്കും.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിൽ ഒന്നായ അതിവേഗ റെയിൽവേ പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. റെയിൽപാതാ വികസനത്തിനാവശ്യമായ റെയിൽവേ ബോർഡിന്റെ അനുമതി ഉൾപ്പെടെ ഇനിയും ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്കാൻ സാധ്യതയുണ്ട്. ചില കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമ്പതോളം നയതന്ത്രജ്ഞരെയും കണ്ഡഹാർ കോൺസുലേറ്റിലെ മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചതായി റിപ്പോർട്ട്. അഫ്ഗാനിൽ ഭരണം പിടിച്ചെടുക്കുമെന്ന താലിബാൻ അവകാശവാദത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. അഫ്ഗാനിസ്താനിലെ പ്രധാന മേഖലകളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുന്നത് വലിയ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിവരം.

യുഎസ് സേനയുടെ പിന്മാറ്റം ആരംഭിച്ചതോടെ അഫ്ഗാന്റെ ഭൂരിഭാഗം മേഖലകളിലും താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. അതേസമയം കണ്ഡഹാറിലെയും മസാര് ഇഷെരീഫിലെയും എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് കാബൂളിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചും അഫ്ഗാനിസ്താനിലെ സ്ഥിഗിതികളെ കുറിച്ചും നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.

അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്നവരും അവിടെ താമസിക്കുന്നവരും അഫ്ഗാനിസ്താനിലേക്ക് സന്ദർശനം നടത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്.

p rajeev

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ പുതിയ ബില്ല് അവതരിപ്പിക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായാണ് പുതിയ ബിൽ. വ്യവസായങ്ങൾക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി ഉൾപ്പെടെ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യവസായികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വകുപ്പുകളും ഇവരെടുക്കുന്ന തീരുമാനം അംഗീകരിക്കേണ്ടി വരും. ഇതോടെ വ്യവസായരംഗത്തെ പരാതികൾക്ക് പരിഹാരമാകുമെന്നും. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ പാസ്സാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പല വകുപ്പുകളിൽനിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോൾ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഒരു നിശ്ചിത മുതൽമുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടിയാണ് ജില്ലാ-സംസ്ഥാന തല സമിതികൾ രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നത്.

സമിതികൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാ വകുപ്പുകളും അംഗീകരിക്കണം എന്നതാണ് വ്യവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെയ്ജിങ്: ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ചൈനയും ഉത്തര കൊറിയയും. വിദേശരാജ്യങ്ങളുടെ ഭീഷണി വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. സൗഹാർദ ഉടമ്പടിയുടെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. വിദേശ രാജ്യങ്ങളുടെ ഭീഷണി വർധിച്ച സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് കിം ജോങ് വ്യക്തമാക്കി.

ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിൻ പിങ് ഉറപ്പ് നൽകിയതായാണ് ഉത്തര കൊറിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 1961 ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. ആണവായുധങ്ങളുടെ പേരിൽ അന്താരാഷ്ട്ര രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ ഉത്തരകൊറിയ കൂടുതൽ ആശ്രയിക്കുന്നത് ചൈനയെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് കിം അഭിപ്രായപ്പെടുന്നത്.

1961 ലെ കരാർ പ്രകാരമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വർഷം അവസാനിക്കും. അടുത്ത 20 വർഷത്തേക്ക് കൂടി കരാർ പുതുക്കാനാണ് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക-ഉത്തരകൊറിയ ആണവ ചർച്ചകൾക്കിടയിൽ ഉത്തരകൊറിയയുമായുള്ള സൗഹൃദം പുതുക്കാനുള്ള ചൈനയുടെ നീക്കം അമേരിക്കയെ ലക്ഷ്യമിട്ടാണെന്നാണ് വിദഗ്ധർ പറയുന്നത്.

ന്യൂഡൽഹി: തർക്കങ്ങൾക്കൊടുവിൽ കേന്ദ്ര ഐടി നിയമം പാലിച്ച് ട്വിറ്റർ. ഐടി ചട്ടം അനുസരിച്ച് ട്വിറ്റർ പരാതി പരിഹാര ഓഫീസറെ നിയമിച്ചു. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്.

തങ്ങളുടെ വെബ്‌സൈറ്റിൽ ട്വിറ്റർ ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതി പരിഹാര ഓഫീസറെ ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും ട്വിറ്റർ നൽകിയിട്ടുണ്ട്. അതേസമയം ചീഫ് കംപ്ലെയൻസ് ഓഫീസറെ ട്വിറ്റർ ഇതുവരെ നിയമിച്ചിട്ടില്ല. താൽക്കാലികമായി ഒരു നിയമനം നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11-നകം സ്ഥിതിവിവര റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി വിനയ് പ്രകാശിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചത്. ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിന്റെ നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

ഐടി ചട്ടം പാലിക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായിരുന്നു. നാലു സംസ്ഥാനങ്ങളിലാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി പൊതുപ്ലാറ്റ്‌ഫോമായ ജി-സ്യൂട്ട് രൂപീകരിച്ചു. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെ പൊതുപ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിൽ ഇതുവരെ അധ്യാപകന് മാത്രമെ സംസാരിക്കാൻ കഴിയുമായിരുന്നുള്ളു. കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന തരത്തിലുള്ള പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായാണ് പ്ലാറ്റ്‌ഫോം ലഭ്യമാക്കിയിരിക്കുന്നത്. കൈറ്റിനാണ് പദ്ധതിയുടെ ചുമതല.

സ്വകാര്യ സംവിധാനമാണെങ്കിലും ജി സ്യൂട്ടിൽ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെൻറുകൾ നൽകൽ ,ക്വിസുകൾ സംഘടിപ്പിക്കൽ, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ജി സ്യൂട്ടിലുണ്ടായിരിക്കും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ജി സ്യൂട്ടിന്റെ സവിശേഷതയാണ്.

എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞു കയറാനും കഴിയില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്‌കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവും ജി സ്യൂട്ടിലുണ്ടായിരിക്കും. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെങ്ങനെയാണെന്നത് സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകും. ജി സ്യൂട്ട് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.kite.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും.

തിരുവനന്തപുരം: മദ്യവിൽപന ശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ. തുക മുൻകൂട്ടി അടച്ച് മദ്യം വാങ്ങുന്നതിനുള്ള പ്രത്യേക കൗണ്ടർ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യവിൽപന സ്ഥാപനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി. തിരക്കും ആൾക്കൂട്ടവും ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നതെന്നും മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കുന്ന തരത്തിലായിരിക്കും പ്രത്യേക കൗണ്ടർ ആരംഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുകയും ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യശാലകൾക്ക് മുന്നിൽ തിരക്ക് വർധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.

ന്യൂഡൽഹി: പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് തീരുമാനം. അനുമതി നൽകാൻ കഴിയാത്ത പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ അവ പൊളിച്ച് നീക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ നടത്തിയ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കി വൻപിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമലംഘനം നടന്ന പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനം പിഴയായി ഈടാക്കുമെന്ന് മാർഗ നിർദ്ദേശത്തിൽ പറയുന്നു. പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാൽശതമാനവുമായിരിക്കും പിഴയായി ഈടാക്കുക.

കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും മറ്റു സർക്കാർ ഏജൻസികളുമാണ് നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്: മരംമുറിക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഐ.എഫ്.എസ്. റാങ്കിലുളളവർക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മരംമുറിക്കേസിൽ വകുപ്പുതല അന്വേഷണം പൂർത്തിയായെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചെന്നും അദ്ദേഹം വിശദമാക്കി. റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. വയനാട്ടിൽ നിന്ന് മരംമുറിച്ചാൽ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്പോസ്റ്റാണ്. മരംകടത്തി എന്നുപറയുന്ന ദിവസങ്ങളിൽ ലക്കിടി ചെക്പോസ്റ്റിൽ പരിശോധനകൾ നടന്നതായി റെക്കോഡുകളിൽ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥന്മാർ പരസ്പരം ഭീഷണിപ്പെടുത്തിയെന്നതാണ് മറ്റൊരു ആരോപണം. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വനംവകുപ്പ് നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഫ്എസ് ഉദ്യോഗസ്ഥർക്കുളള ശിക്ഷാനടപടികൾ വനംവകുപ്പിന് ചെയ്യാൻ സാധിക്കില്ല. ശിക്ഷാനടപടികൾ സംബന്ധിച്ച വകുപ്പിന്റെ ശുപാർശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലെത്തിയാൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും അതുകൊണ്ടുമാത്രമാണ് നടപടികൾ വൈകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.