ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. സ്വർണക്കടത്ത് കേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെയാണ് എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇ.ഡി. സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. പിന്നീട് ഹൈക്കോടതി ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറുകൾ റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ക്രിമിനൽ നടപടി ചട്ടത്തിലെ 340-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഇ.ഡിക്ക് എതിരെ പരിശോധന നടത്താൻ വിചാരണക്കോടതിക്ക് അനുമതി നൽകുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തെറ്റാണെന്നും ഹർജിയിൽ പറയുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ള മുതിർന്ന സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്ന് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി ഇ.ഡി. ഉദ്യോഗസ്ഥർക്ക് എതിരായ പരാതിയിൽ പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

