General (Page 1,482)

കോഴിക്കോട്: വ്യവസായികൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ സബ്സിഡിയായി നൽകിയത് 252 കോടി രൂപയാണ്. ഏഴു വർഷത്തിനിടെ, 10,000 അധികം യൂണിറ്റുകൾക്കാണ് ഈ പദ്ധതിയിലൂടെ പണം വിതരണം ചെയ്തത്.

സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചത്. സംരംഭകർക്ക് ആവശ്യമായ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. വായ്പയോടൊപ്പം സബ്‌സിഡിയും ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. പദ്ധതിയുടെ മേൽനോട്ട ചുമതല ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ്. ജില്ലാ വ്യവസായ കേന്ദ്രമാണ് നഗര പ്രദേശങ്ങളിലെ അപേക്ഷകൾ പരിശോധിക്കുന്നതും വേണ്ട നടപടികൾ സ്വീകരിക്കുന്നതും. ഗ്രാമപ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡാണ് അപേക്ഷകൾ പരിശോധിക്കുന്നത്.

2014-15 സാമ്പത്തിക വർഷം 1344 യൂണിറ്റുകൾക്ക് 2678.85 ലക്ഷവും 2015-16ൽ 1369 യൂണിറ്റുകൾക്ക് 2720.48 ലക്ഷവും വിതരണം ചെയ്‌തെന്നാണ് വിവരാവകാശ കണക്കുകൾ വ്യക്തമാക്കുന്നത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഖാദി ഗ്രാമ കമ്മീഷൻ (കെവിഐസി) നൽകിയ മറുപടി പ്രകാരം ഏഴു വർഷത്തെ വ്യവസായ കണക്കുകൾ ചുവടെ ചേർക്കുന്നു:

വര്‍ഷം അപേക്ഷകള്‍ഫണ്ട് അനുവദിച്ചത് (രൂപ ലക്ഷത്തില്‍)ഗുണഭോക്താക്കള്‍ (യൂണിറ്റ്)
2016-1737571271.04680
2017-187022  2742.631263
2018-19 59345334.36  2448
2019-20 7260 5244.96   2418
2020-2179965217.66 2386

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിൽ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷൻ ഓഫീസർ തസ്തികയാണ് 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർമാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായും നിയമിച്ചു.

സ്ത്രീധനത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിച്ചത്. ജില്ലാതലത്തിലെ പ്രൊഹിബിഷൻ ഓഫീസർമാരുടെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ സ്ത്രീകളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ താത്പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ജില്ലാതല അഡൈ്വസറി ബോർഡ് രൂപീകരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബോധവത്ക്കരണ പ്രവർത്തനങ്ങളും സർക്കാർ ശക്തമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കായി കോളേജുകൾ, എൻ.എസ്.എസ്. എന്നിവരുമായി സഹകരിച്ച് ജൻഡർ, സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ എന്നീ വിഷയങ്ങളിൽ അവബോധ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നും എൻഐഎ വ്യക്തമാക്കി. സ്വപ്‌നയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും എൻഐഎ കോടതിയോട് ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിലാണ് എൻഐഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്‌നാ സുരേഷിന്റെ മുഖ്യ ലക്ഷ്യം. കളളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. കള്ളക്കടത്ത് തീവ്രവാദ പ്രവർത്തനം തന്നെയാണെന്നും എൻ.ഐ.എ വിശദീകരിക്കുന്നു.

167 കിലോയുടെ സ്വർണക്കടത്താണ് സ്വപ്‌ന നടത്തിയത്. ദുബായ്ക്ക് പുറമെ സൗദി, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്ന പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.

വാഷിംഗ്ടൺ: അമേരിക്കയിൽ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2020 ൽ ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ലഹരി മരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് 93000 പേരാണ് 2020 ൽ അമേരിക്കയിൽ മരണപ്പെട്ടത്. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. 2019 നേക്കാൾ 30 ശതമാനം വർധനവാണ് 2020 ൽ ഉണ്ടായിരിക്കുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. 72151 പേരാണ് 2019 ൽ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചതെന്നും യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു.

സിന്തറ്റിക്ക് ഓപിയോഡ്സ് ഉപയോഗിച്ചുള്ള മരണമാണ് അമേരിക്കയിൽ കൂടുതതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊക്കെയ്ൻ മരണങ്ങളുടെ എണ്ണവും 2020 ൽ വർധിച്ചിട്ടുണ്ടെന്നും വേദന സംഹാരികളും മരണങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 1999 ന് ശേഷം 12 മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ് ഡയറക്ടർ ഡോ. നോറ വോൾ കൗ പറഞ്ഞു.

അമേരിക്കൻ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘർഷം വർധിച്ചതായിരിക്കാം ലഹരിയുടെ അമിത ഉപയോഗത്തിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കോവിഡ് വൈറസ് ബാധ കുറയുന്നതോടെ ഓവർഡോസ് വിഷയത്തിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് ജോൺ ഹോപ്കിൻസ് വൈസ് ഡീൻ ഓഫ് പബ്ലിക് ഹെൽത്ത് സർവീസ് ഡോ.ജോഷ്വ വ്യക്തമാക്കി.

ബംഗളൂരു: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ എൻഫോഴ്സ്‌മെന്റിന്റെ മറുപടി വാദം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വ്യക്തമാക്കി. മയക്കുമരുന്ന് കേസിനെ മാത്രം ആസ്പദമാക്കിയല്ല കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും പൊലീസുമെടുത്ത പതിനാലോളം കേസുകളും ആസ്പദമാക്കിയാണ് കേസെടുത്തിരിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞെന്ന വാദം തെറ്റാണ്. ഈ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് ഇഡി വിശദമാക്കി. മയക്കുമരുന്ന് കേസിൽ പ്രതിചേർക്കാത്തതിനാൽ തനിക്കെതിരെയുളള കേസ് നിലനിൽക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേരളത്തിലും ദുബായിലും ബിനീഷിനെതിരെ കേസുണ്ടെന്ന് ആദ്യം കോടതിയിൽ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒൻപത് മാസത്തോളമായി കർണാടകയിൽ തടവിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. പതിനഞ്ചാം തവണയാണ് ബിനീഷിന്റെ ജാമ്യഹർജി കോടതി പരിഗണിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗണിൽ ഇളവ്. ബക്രീദ് പ്രമാണിച്ചാണ് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കു പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും തുറക്കുന്നതിന് അനുമതിയുണ്ട്. രാത്രി 8 മണി വരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്ന് ചർച്ചയ്ക്ക് ശേഷം വ്യാപാരികൾ അറിയിച്ചിരുന്നു. മുഖ്യമന്ത്രി വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവം കേട്ടെന്നും സംഘടനാ നേതാക്കൾ ചർച്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ബക്രീദിനും ഓണക്കാലത്തും കച്ചവടം നടക്കാൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത്. വെള്ളപ്പൊക്കവും കോവിഡും കാരണം മൂന്ന് ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. നിയമം ലംഘിച്ച് കട തുറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സംഘടന അവതരിപ്പിച്ച വിഷയങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും അവതരിപ്പിക്കാത്ത വിഷയങ്ങൾ ചോദിച്ചറിഞ്ഞുവെന്നും വ്യാപാരികൾ വിശദമാക്കി.

tree

കോഴിക്കോട്: മുട്ടിൽ മരംമുറി നടന്ന ഭൂമിയിലെ കർഷക്കെതിരെ കെഎൽസി വകുപ്പ് ചുമത്തി റവന്യു വകുപ്പ്. കർഷകരിൽ നിന്നും കേരള ലാന്റ് കൺസർവെൻസി നിയമപ്രകാരം മര വിലയുടെ മൂന്നിരട്ടി തുക ഈടാക്കാനുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചു. വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിലെ ആദിവാസികൾ ഉൾപ്പെടെ 68 കർഷകർക്കെതിരെയാണ് റവന്യു വകുപ്പ് കെഎൽസി വകുപ്പ് ചുമത്തിയത്. നഷ്ടപ്പെട്ട മരങ്ങളുടെ കമ്പോള വിലയുടെ മൂന്നിരട്ടിയാവും ഇവരിൽ നിന്നും ഈടാക്കുന്നത്.

അതേസമയം കർഷകരെ കബളിപ്പിച്ച് ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയ മുഖ്യപ്രതി റോജി അഗസ്റ്റിനെതിരെ കെഎൽസി ചട്ടപ്രകാരം നടപടിയുണ്ടാകില്ല. സ്വന്തം പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച റോജിയുടെ സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരിൽ നിന്നും മരവിലയുടെ മൂന്നിരട്ടി ഈടാക്കും. ഭൂവുടമകൾക്കെതിരെ മാത്രമെ കെഎൽസി കേസെടുക്കാനാവുകയുള്ളൂവെന്ന് വൈത്തിരി തഹസിൽദാർ ശിവദാസ് വ്യക്തമാക്കി.

കർഷകർക്കെതിരെയുള്ള കെ എൽ സി കേസുകൾ പിൻവലിക്കുന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് റവന്യു മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്. മുട്ടിൽ മരംമുറി കേസിൽ കുറ്റക്കാർ രക്ഷപ്പെടില്ലെന്നും പോലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത് റവന്യൂ വകുപ്പാണെന്നെന്നും അദ്ദേഹം പറഞ്ഞു. 220 ക്യൂബിക് മീറ്റർ ഈട്ടിമരങ്ങളാണ് മുട്ടിൽ വില്ലേജിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയത്. മുഖ്യപ്രതികൾക്കെതിരെ മാത്രം വനംവകുപ്പ് 42 കേസുകളെടുത്തിരുന്നു. വനംവകുപ്പും പൊലീസും രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും റോജി അഗസ്റ്റിൻ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

മരംമുറി കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകാനാണ് സാധ്യത. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലൻസിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യുമന്ത്രി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൊല്ലം: വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളുടെ പരാതി കേൾക്കാൻ ആവിഷ്‌കരിച്ച ദൃഷ്ടി പദ്ധതിക്കു പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണം. ധാരാളം പേർ ദൃഷ്ടിയിലൂടെ പരാതി നൽകുന്നുണ്ട്. സ്ത്രീകളാണ് പരാതി നൽകുന്നവരിൽ കൂടുതൽ. സ്ത്രീധന വിഷയം മുതൽ അതിരു തർക്കം വരെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് സ്ത്രീകൾ കമ്മിഷണറോട് വിഡിയോ കോൺഫറൻസിലൂടെ പരാതി നൽകി.

സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് പരാതി നൽകിയവരും ഉണ്ട്. ആശ്രാമം ഗ്രൗണ്ടിൽ വ്യായാമത്തിനു വരുന്നവർ മാസ്‌ക് ധരിക്കുന്നില്ലെന്നും പരാതി ഉയർന്നു. ശബ്ദ മലിനീകരണത്തെ കുറിച്ച് പരാതി അറിയിച്ചവരും ഉണ്ട്. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾ കൂടുതൽ പരാതികളും നൽകിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു

. മനസ്സിൽ അടക്കി വച്ച ആശങ്കകൾക്കും വിഷമങ്ങൾക്കും കാത് കൊടുക്കാൻ അധികാരികൾ ഉണ്ടെന്ന ബോധം ജനങ്ങളിൽ പൊലീസിനെ കുറിച്ചു വളരെ നല്ല പ്രതികരണമുണ്ടാക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കി. എല്ലാ ബുധനാഴ്ചകളിലും ജനങ്ങളുടെ പരാതികൾ കേൾക്കുമെന്നും സ്വീകരിച്ച തുടർ നടപടികളെ സംബന്ധിച്ച വിവരം പരാതിക്കാരെ അറിയിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയുടെ catalystco.in വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്.

പ്രോജക്ട് ഡിസൈനിങ്, മൂവി മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, മീഡിയ പ്രൊമോഷൻ, കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങൾ കാറ്റലിസ്റ്റിലൂടെ ലഭ്യമാകും. കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസി പ്രവർത്തിക്കുന്നതെന്നാണ് കമ്പനി സിഎംഡി വിവേക് രാമദേവൻ വ്യക്തമാക്കിയിരുന്നത്. കലയും വിനോദ സഞ്ചാരവും ഒന്നിക്കുമ്പോഴാണ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി പൂർണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്നുവെന്നതാണ് കാറ്റലിസ്റ്റിന്റെ സവിശേഷത. ബ്രാൻഡ് മാനേജ്മെന്റ്, അഡ്വർട്ടൈസിങ് എന്നീ മേഖലകളിൽ വിവേക് രാമദേവന് 20 വർഷത്തെ പരിചയസമ്പത്തുണ്ട്. നടീ-നടൻമാരുടെ കാസ്റ്റിങ്ങിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് കോണ്ടന്റ് സോഴ്സിങ്, ഫിലിം മാർക്കറ്റിങ്, പ്രോജക്ട് ഡിസൈനിങ് എന്നീ മേഖലകളിലേക്ക് കടന്നു.

തന്റേതായ ഒരു പാത വെട്ടിതെളിക്കാനുള്ള ആഗ്രഹമാണ് അദ്ദേഹത്തെ ഇത്തരമൊരു നേട്ടത്തിലേക്കെത്തിച്ചത്. സിനിമാ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കലയുടെയും വ്യവസായത്തിന്റെയും സംയോജനമായ എന്റർടെയ്ൻമെന്റ് എന്ന മായാലോകത്തെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാറ്റലിസ്റ്റിലൂടെ കഴിഞ്ഞ 18 വർഷങ്ങളായി തനിക്ക് ഏറെ മനോഹര നിമിഷങ്ങൾ സമ്മാനിച്ചിട്ടുള്ള സിനിമാ വ്യവസായത്തിന് കൂടുതൽ സംഭാവന ചെയ്യാനും സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം സിനിമാ രംഗത്ത് ഫിലിം മാർക്കറ്റിങ് എന്ന ആശയത്തിന് തുടക്കംകുറിച്ചതും വിവേക് രാമദേവനാണ്.

കൊല്ലം: കെ ബി ഗണേശ് കുമാർ എം എൽ എയുടെ ഓഫീസിൽ അതിക്രമം. ഓഫീസിലേക്ക് അതിക്രമിച്ചയാൾ പാർട്ടി പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അക്രമിയെ ഓഫീസ് ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബിജു എന്ന പ്രവർത്തകനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ ഒരാളാണ് അക്രമം നടത്തിയത്. ഓഫീസിലേക്ക് ഓടിയെത്തിയ അക്രമി ഇവിടെയുണ്ടായിരുന്ന ബിജുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ബിജുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

അക്രമം നടത്തിയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.