ന്യൂയോർക്ക്: സാമൂഹ്യ മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജനങ്ങൾ കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ വിമുഖത കാണിക്കുന്നതിന്റെ ഒരു കാരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒരർത്ഥത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്നും ജോ ബൈഡൻ വ്യക്തമാക്കി. വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുന്നതിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ട്വിറ്ററിനെതിരെ വിമർശനവുമായി യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ കോവിഡ് വാക്സിനെതിരായി നടക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നാണ് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ജനങ്ങളെ വഴിതെറ്റിക്കുന്ന വാർത്ത നൽകിയതിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ഫേസ്ബുക്കിനെയും വിമർശിച്ചു. ഏതാനും പേർ ചേർന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വാക്സിനെതിരായ 65 ശതമാനം വാർത്തകളും പടച്ചുവിടുന്നത്. ഇവർ ഇപ്പോഴും ഫേസ്ബുക്കിൽ ആക്ടീവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

