മാലിക്ക് സിനിമയ്‌ക്കെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: മാലിക് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെയാണ് ശ്രീജിത്ത് പണിക്കരുടെ വിമർശനം.

ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയമാണെന്ന് ശ്രീജിത്ത് പണിക്കർ പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ തനിക്ക് നമ്പർ മെസേജ് ചെയ്യണം. വീടാകെ മോശമായി. ഒന്ന് വൈറ്റ് വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതിയെന്നും’ ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ 2009-ൽ നടന്ന വെടിവയ്പ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ വിമർശനങ്ങൾ ഉയരുന്നത്. സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്നാണ് പ്രധാന ആക്ഷേപം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘മാലിക്’ ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.

NB: വീടാകെ മോശമായി. ഒന്ന് വൈറ്റ് വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.