ഹൂസ്റ്റൻ: ജർമ്മനിയിൽ വെള്ളപ്പൊക്കം. 165 പേരാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ജർമ്മനിയിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. റൈനിന്റെ പോഷകനദിയായ റോയർ നദിയിലെ അണക്കെട്ട് തകർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഹരിതഗൃഹ വാതക ഉദ്വമനം മൂലം ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ജർമ്മനിയെ ബാധിച്ച കനത്ത മഴയെന്നാണ് യുഎസ് കാലാവസ്ഥാ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
500 അല്ലെങ്കിൽ 1,000 വർഷങ്ങൾക്കുള്ളിൽ ഇത്ര ഭീകരമായ വെള്ളപ്പൊക്കം കണ്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരും ജർമ്മൻ ഉദ്യോഗസ്ഥരും പറയുന്നത്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജർമ്മനിയിലെ പല സ്ഥലങ്ങളിലും വൈദ്യുതിയും ടെലഫോൺ സേവനങ്ങളും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം കുറയുമ്പോൾ, നാശനഷ്ടത്തിന്റെ തോത് കൂടുതൽ വ്യക്തമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അഗ്നിശമന സേനാംഗങ്ങളും സൈനികരും റോഡുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. വ്യാപക നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ജർമ്മനിയിൽ ഉണ്ടായത്. നിലവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചു പോയി.
തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നതിനായി 15,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും സൈനികരെയുമാണ് അടിയന്തര സേവന പ്രവർത്തകരെയുമാണ് ജർമ്മനിയിൽ വിന്യസിച്ചിരിക്കുന്നത്.

