കോഴിക്കോട്: വ്യവസായികൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ സബ്സിഡിയായി നൽകിയത് 252 കോടി രൂപയാണ്. ഏഴു വർഷത്തിനിടെ, 10,000 അധികം യൂണിറ്റുകൾക്കാണ് ഈ പദ്ധതിയിലൂടെ പണം വിതരണം ചെയ്തത്.
സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചത്. സംരംഭകർക്ക് ആവശ്യമായ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. വായ്പയോടൊപ്പം സബ്‌സിഡിയും ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. പദ്ധതിയുടെ മേൽനോട്ട ചുമതല ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ്. ജില്ലാ വ്യവസായ കേന്ദ്രമാണ് നഗര പ്രദേശങ്ങളിലെ അപേക്ഷകൾ പരിശോധിക്കുന്നതും വേണ്ട നടപടികൾ സ്വീകരിക്കുന്നതും. ഗ്രാമപ്രദേശങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡാണ് അപേക്ഷകൾ പരിശോധിക്കുന്നത്.
2014-15 സാമ്പത്തിക വർഷം 1344 യൂണിറ്റുകൾക്ക് 2678.85 ലക്ഷവും 2015-16ൽ 1369 യൂണിറ്റുകൾക്ക് 2720.48 ലക്ഷവും വിതരണം ചെയ്‌തെന്നാണ് വിവരാവകാശ കണക്കുകൾ വ്യക്തമാക്കുന്നത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഖാദി ഗ്രാമ കമ്മീഷൻ (കെവിഐസി) നൽകിയ മറുപടി പ്രകാരം ഏഴു വർഷത്തെ വ്യവസായ കണക്കുകൾ ചുവടെ ചേർക്കുന്നു:
| വര്‍ഷം | അപേക്ഷകള്‍ | ഫണ്ട് അനുവദിച്ചത് (രൂപ ലക്ഷത്തില്‍) | ഗുണഭോക്താക്കള്‍ (യൂണിറ്റ്) |
| 2016-17 | 3757 | 1271.04 | 680 |
| 2017-18 | 7022 | 2742.63 | 1263 |
| 2018-19 | 5934 | 5334.36 | 2448 |
| 2019-20 | 7260 | 5244.96 | 2418 |
| 2020-21 | 7996 | 5217.66 | 2386 |

