General (Page 1,472)

കൊച്ചി: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത് എന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. പ്രതികൾ മുറിച്ചു നീക്കിയത് റിസർവ് മരങ്ങളാണെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വനം വകുപ്പു രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികൾ നേരത്തെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണു വെട്ടിയതെന്നും അതു വനഭൂമിയല്ലെന്നുമായിരുന്നുമായിരുന്നു പ്രതികളുടെ അവകാശവാദം. വില്ലേജ് ഓഫിസറുടെ രേഖകളും പ്രതികൾ ഇത് സമർത്ഥിക്കാനായി ഹാജരാക്കിയിരുന്നു. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു മരം വെട്ടിയതെന്നും പട്ടയ ഭൂമിയിലെ മരം വെട്ടാൻ അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ച് 11 ലെയും ഒക്ടോബർ 24 ലെയും ഉത്തരവുകൾ പ്രകാരമാണ് മരം മുറിച്ചതെന്നുമായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.

covid

ആലപ്പുഴ: വാക്‌സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്. ആലപ്പുഴയിലാണ് സംഭവം. സംഭവത്തിൽ സിപിഎം വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പ്രസാദ് വിശദീകരണം നൽകിയത്. കോവിഡ് വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡോക്ടർക്ക് സി പി എം നേതാക്കളിൽ നിന്ന് മർദ്ദനമേറ്റത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനെയാണ് സിപിഎം നേതാക്കൾ മർദ്ദിച്ചത്.

ശനിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് 10 പേരുടെ ലിസ്റ്റ് നൽകി വാക്സിൻ കൊടുക്കണമെന്ന് ശരത് ചന്ദ്ര ബോസിനോട് ആവശ്യപ്പെട്ടിരുന്നു. മുൻകൂട്ടി അനുവദിച്ച 150 ഡോസ് ഒരു വാർഡിന് പത്ത് വീതം നൽകിയിട്ടുണ്ടെന്ന് ശരത് പ്രസിഡന്റിനെ അറിയിച്ചു. തുടർന്ന് പ്രസിഡന്റ് നിർബന്ധം പിടിച്ചെങ്കിലും ക്രമവിരുദ്ധമായി നൽകാനാവില്ലെന്ന് ഡോക്ടർ നിലപാടെടുത്തു. ക്ഷുഭിതനായി തിരികെ പോയ പ്രസിഡന്റ് എം സി പ്രസാദ് വൈകിട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവർക്കൊപ്പമെത്തി തന്നെ മർദിക്കുകയായിരുന്നുവെന്ന് ശരത് പറയുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രാസാദ്, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് ഡോക്ടർ പറയുന്നത്. അക്രമികൾ തന്നെ മുറിയിൽ നിന്ന് പിടിച്ചിറക്കി കഴുത്തിന് കുത്തി പിടിച്ചുവെന്നും കൂട്ടം ചേർന്ന് കൂടുതൽ മർദ്ദനത്തിന് ശ്രമിച്ചതായുമാണ് ഡോക്ടറിന്റെ പരാതി.

സംഭവുമായി ബന്ധപ്പെട്ട് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം വാക്സിൻ ഉണ്ടായിട്ടും രാവിലെ മുതൽ കാത്ത് നിന്നവർക്ക് വാക്സിൻ നൽകാതെ മടക്കി അയച്ച മെഡിക്കൽ ഓഫീസറുടെ നടപടിയിൽ വിതരണ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുക മാത്രമാണ് ഉണ്ടായതെന്നും ഡോക്ടറെ മർദ്ദിച്ചിട്ടില്ലെന്നുമാണ് പ്രസാദിന്റെ വിശദീകരണം.

പാലക്കാട്: ലോക്ക് ഡൗൺ ലംഘിച്ച് പാലക്കാട്ടെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസ് എം.പിയും, മുൻ എം.എൽ.എ വി.ടി. ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നേതാക്കൾക്കെതിരെ വലിയ വിമർശനം ഉയർന്നിരിക്കുകയാണ്.

സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെ, ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഭക്ഷണം കാത്തിരിക്കുന്ന എം.പിയോട് ലോക്ക്ഡൗൺ ലംഘനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് പാഴ്‌സലിനാണ് കാത്തു നിൽക്കുന്നതെന്ന് വിശദീകരിച്ചു. എന്നാൽ പാഴ്‌സൽ വാങ്ങുന്നത് പുറത്തുനിന്നാണെന്ന് പറഞ്ഞതോടെ രമ്യ ഹരിദാസും സംഘവും പുറത്തേക്ക് പോകുന്നതും മറ്റു ടേബിളുകളിൽ ഇരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം മഴ പെയ്തിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലോക്ക് ഡൗൺ ലംഘനത്തിന് രമ്യ ഹരിദാസ് ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. സുധാകരനെതിരെ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷനു മുൻപാകെയാണ് കൂടുതൽ പരാതികൾ എത്തിയിരിക്കുന്നത്. ഈ പരാതികളിൽ അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ പരാതി നൽകിയവരിൽ ഉൾപ്പെടുന്നുണ്ടെന്നും വിവരമുണ്ട്.

തന്നെയും കുടുംബത്തെയും സുധാകരൻ അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും ശ്രമിച്ചെന്നാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നിൽ ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ടെന്നാണ് സൂചനകൾ. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് കമ്മീഷനു മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. സജി ചെറിയാൻ, എ.എം ആരിഫ് എന്നിവർ അടക്കമുള്ളവർ സ്ഥലം എംഎൽഎ എച്ച്. സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷൻ അന്വേഷിക്കുന്നത്.

ജി. സുധാകരനെതിരെ സ്ഥലം എം.എൽ.എ. എച്ച്. സലാം അടക്കമുള്ള നേതാക്കൾ പരാതി നൽകിയതോടെയാണ് പാർട്ടി അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്‌സിൻ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

ജനങ്ങളുടെ മനസ്സ് പറയുന്നത് (മൻ കി ബാത്) താങ്കൾക്ക് മനസ്സിലായിരുന്നെങ്കിൽ വാക്സിനായി അവർക്ക് ഇങ്ങനെ അലയേണ്ടി വരുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വാക്‌സിൻ ദൗർലഭ്യം സംബന്ധിച്ച വാർത്തകൾ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

രാജ്യത്ത് ഉത്സവങ്ങളുടെ കാലമാണ് വരാനിരിക്കുന്നതെന്നും കൂടിച്ചേരലുകളുടെ ഘട്ടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ഇന്ന് മൻ കി ബാത്തിൽ ജനങ്ങോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലീം അവകാശം കുറയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. സ്‌കോളർഷിപ്പിൽ നേരത്തേ മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന അതേ അവകാശം തന്നെ ഇപ്പോഴും ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിങ്ങൾക്ക് ലഭിക്കുന്ന അവകാശം കുറഞ്ഞു പോകുന്നു എന്ന ചർച്ച സജീവമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം പ്രതികരിച്ചു. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും സർക്കാർ മേൽക്കോടതിയെ സമീപിച്ചേ പറ്റൂ എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്നും ആനുകൂല്യങ്ങൾ എക്കാലവും നിലനിൽക്കാനുള്ള നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു.

സച്ചാർ – പാലൊളി കമ്മിറ്റി ശുപാർശകളെത്തുടർന്ന് 2011 മുതൽ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് 80 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങൾക്ക് 20 ശതമാനവും വീതം സ്‌കോളർഷിപ്പ് ലഭിച്ചിരുന്ന അനുപാതമാണ് ഹൈക്കോടതി വിധിയോടെ റദ്ദാകുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ 2011-ലെ സെൻസസ് അനുസരിച്ച് അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും മുസ്ലീം സംഘടനകളും മറ്റ് രാഷ്ട്രീയ പാർട്ടികളും സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ക്ലബ്ബ് ഹൗസ് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്. സൈബര്‍ സുരക്ഷ വിദഗ്ദ്ധനായ ജിതിന്‍ ജെയിനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ബന്ധപ്പെടുത്തി വെച്ച നമ്പറുകളും അക്കൂട്ടത്തിലുള്ളതിനാല്‍ നിങ്ങള്‍ ക്ലബ് ഹൗസില്‍ ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ലെങ്കിലും നമ്പറുകള്‍ ഡാര്‍ക്ക് വെബിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ജെയിന്‍ പറയുന്നത്.

ഇക്കാര്യത്തില്‍ ഇതുവരെ ക്ലബ്ബ് ഹൗസ് പ്രതികരിച്ചിട്ടില്ല. ഹാക്കര്‍ പേരുകള്‍ ഇല്ലാതെ ഫോണ്‍ നമ്പറുകള്‍ മാത്രമാണ് വില്‍ക്കാന്‍ വെച്ചതെന്ന് സ്വതന്ത്ര സുരക്ഷ ഗവേഷകനായ രാജശേഖര്‍ രജാരിയ പറഞ്ഞു.ക്ഷണം ആവശ്യമില്ലാതെ ആര്‍ക്കും ക്ലബ് ഹൗസില്‍ ചേരാനുള്ള അവസരം ഉണ്ട്. മേയ്? മധ്യത്തോടെ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ കൂടി അവതരിപ്പിച്ചതോടെ 10 ദശലക്ഷം ഉപയോക്താക്കളെ കൂടി ക്ലബ്ഹൗസില്‍ എത്തിക്കാനായതായി കമ്പനി അവകാശപ്പെട്ടിരുന്നു.

കണ്ണൂര്‍: കുഞ്ഞു മുഹമ്മദിനായി ആറ് ദിവസം കൊണ്ട് സമാഹരിച്ചത് പതിനെട്ടുകോടിയല്ല. 46.78 കോടി രൂപ. 7,77,000 പേരാണ് കുട്ടികളുടെ ചികിത്സക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക. എസ്എംഎ രോഗം ബാധിച്ച മൂത്ത മകള്‍ അഫ്രയ്ക്കായുള്ള ചികിത്സകള്‍ എങ്ങുമെത്താതെ ഇഴയുമ്പോഴാണ് ഇളയയാള്‍ക്കും അതേ രോഗമാണെന്ന് കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നുള്ള പതിനെട്ട് കോടിയുടെ മരുന്ന് കൊണ്ട് മാത്രം മുഹമ്മദിനെ രക്ഷിക്കാന്‍ കഴിയുവെന്ന് ഉറപ്പായപ്പോഴാണ് കാരുണ്യമതികളുടെ സഹായം തേടി അഫ്ര അനിയന് വേണ്ടി അഭ്യര്‍ത്ഥിച്ച്.ആറ് ദിവസങ്ങള്‍ കൊണ്ട് അഫ്രയേയും ഇമ്രാനേയും കേരളം ഏറ്റെടുത്തു.

സഹായനിധി രൂപീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് സുമനസുകളുടെ സഹായത്തോടെ ചെറുതും വലുതുമായ തുകകളെത്തി. ആവശ്യമായ തുക അക്കൗണ്ടിലെത്തിയപ്പോള്‍ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്നായിരുന്നു സഹായ സമിതി അറിയിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ കണക്കെടുപ്പിലാണ് തുക 46.78 കോടി രൂപ കവിഞ്ഞതായി സ്ഥിരീകരിച്ചത്. എന്നാല്‍ മരുന്നിനായി കാത്ത് നില്‍ക്കാതെ മുഹമ്മദ് യാത്രയായി. അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കും അപ്പുറുമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നല്‍കുമെന്ന് ചികിത്സാ സഹായത്തിനായി രൂപീകരിച്ച സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരളത്തിൽ എന്തു നടന്നാലും സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആണ് പ്രതിപക്ഷത്തിന് ഉള്ളതെന്ന് വി എൻ വാസവൻ പരിഹസിച്ചു. ഒരു പ്രമുഖ്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ഇത്തരം കേസ് അന്വേഷിക്കുന്നതിൽ വിദഗ്ധരാണെന്നും അവരുടെ അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ മാത്രം സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ വേണോ എന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നിയമ പരിഷ്‌കരണം നടത്തും. നിയമ നിർമാണത്തിന് മുന്നോടിയായി കരട് പുറത്തിറക്കി കഴിഞ്ഞു. എല്ലാ ജില്ലകളിലും ഇതിന്മേൽ സിറ്റിങ് നടത്തി ജനങ്ങളുടെ അഭിപ്രായം കേൾക്കും. ഈ നിയമ പരിഷ്‌കാരത്തിലൂടെ തട്ടിപ്പുകൾ അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

കരുവന്നൂർ ബാങ്കിൽ 104 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. തട്ടിപ്പ് വ്യക്തമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹകരണ വകുപ്പ് ശുപാർശ ചെയ്തത്. സഹകരണ വകുപ്പ് നേരിട്ട് വകുപ്പുതല അന്വേഷണം നടത്തി വരുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ നടപടികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ആദ്യമായിട്ടല്ല സഹകരണ ബാങ്കുകളിൽ തട്ടിപ്പു നടക്കുന്നത്. കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടത്തിയത് ഇടതുപക്ഷ ഭരണസമിതി ആണെങ്കിൽ മാവേലിക്കരയിൽ തട്ടിപ്പ് നടത്തിയത് യുഡിഎഫ് ഭരണസമിതിയുടെ കാലത്തായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ഏത് എന്നതല്ല സർക്കാർ പരിശോധിക്കുന്നതെന്നും തട്ടിപ്പിന് പിന്നിൽ ആരാണെങ്കിലും അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ബാങ്ക് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. കേരളത്തിലെ അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ കേസിൽ ഉള്ളവരെ കൃത്യമായി പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കോഴിക്കോട്: കോവിഡ് വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 51 റേഷൻ വ്യാപാരികൾ. സർക്കാർ റേഷൻ വ്യാപാരികൾക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും നൽകുന്നില്ലെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. തങ്ങളും മനുഷ്യരാണെന്നും തെരുവ് നായയ്ക്ക് ചത്താൽ കിട്ടുന്ന പരിഗണനപോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പരാതിപ്പെടുന്നു. ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്നും മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ മന്ത്രിമാരെ ഉൾപ്പെടെ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടായിട്ടില്ല.

കോവിഡ് വൈറസ് വ്യാപനം ഉയരുമ്പോഴും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് റേഷൻ വ്യാപാരികൾ. എന്നാൽ ഇവർക്ക് മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാൻ സർക്കാർ ഇതുവരെ സംവിധാനമൊരുക്കിയിട്ടില്ല. കുറ്റമറ്റ സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ സെർവർ-നെറ്റ്‌വർക്ക് തകരാറിൽ പലപ്പോഴും റേഷൻ മുടങ്ങാറുണ്ട്. അതിനാൽ ഉപഭോക്താക്കളുടെ തിരക്കിൽ റേഷൻ കടകളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ കഴിഞ്ഞിട്ടില്ല. അടിയന്തരമായി സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും റേഷൻ വ്യാപാരികൾ പറയുന്നു.

കഴിഞ്ഞകാല കമ്മീഷൻ കുടിശ്ശിക ലഭിക്കാത്തത് കാരണം റേഷൻ വ്യപാരികളിൽ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. സുരക്ഷാ ഉപകരണങ്ങൾ സൗജന്യമായി നൽകി, ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കോവിഡ് ബാധിച്ച വ്യാപാരികൾക്ക് ഒരു മാസത്തിൽ ലഭിക്കുന്ന കമ്മീഷൻ തുകയെങ്കിലും സൗജന്യമായി നൽകിയാൽ മാത്രമേ പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂവെന്ന് വ്യാപാരികൾ വ്യക്തമാക്കി. 10 മാസമായി റേഷൻ കടകളിലൂടെ നടത്തിയ കിറ്റ് വിതരണത്തിന്റെ കമ്മീഷനും സർക്കാർ നൽകിയിട്ടില്ല. കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്നാണ് സർക്കാർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന റേഷൻ വ്യാപാരികൾക്ക് ഇത് ഇരട്ടി പ്രഹരമാണ് നൽകുന്നത്. സർക്കാർ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് റേഷൻ വ്യാപാരികൾ. ജൂലൈ 26 നാണ് വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്.