ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലീം അവകാശം കുറയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് കാന്തപുരം

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലീം അവകാശം കുറയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. സ്‌കോളർഷിപ്പിൽ നേരത്തേ മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന അതേ അവകാശം തന്നെ ഇപ്പോഴും ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിങ്ങൾക്ക് ലഭിക്കുന്ന അവകാശം കുറഞ്ഞു പോകുന്നു എന്ന ചർച്ച സജീവമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം പ്രതികരിച്ചു. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും സർക്കാർ മേൽക്കോടതിയെ സമീപിച്ചേ പറ്റൂ എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്നും ആനുകൂല്യങ്ങൾ എക്കാലവും നിലനിൽക്കാനുള്ള നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു.

സച്ചാർ – പാലൊളി കമ്മിറ്റി ശുപാർശകളെത്തുടർന്ന് 2011 മുതൽ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് 80 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങൾക്ക് 20 ശതമാനവും വീതം സ്‌കോളർഷിപ്പ് ലഭിച്ചിരുന്ന അനുപാതമാണ് ഹൈക്കോടതി വിധിയോടെ റദ്ദാകുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ 2011-ലെ സെൻസസ് അനുസരിച്ച് അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും മുസ്ലീം സംഘടനകളും മറ്റ് രാഷ്ട്രീയ പാർട്ടികളും സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.