കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 51 റേഷൻ വ്യാപാരികൾ; സർക്കാർ പരിഗണന നൽകണമെന്ന് ആവശ്യം

കോഴിക്കോട്: കോവിഡ് വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 51 റേഷൻ വ്യാപാരികൾ. സർക്കാർ റേഷൻ വ്യാപാരികൾക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും നൽകുന്നില്ലെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. തങ്ങളും മനുഷ്യരാണെന്നും തെരുവ് നായയ്ക്ക് ചത്താൽ കിട്ടുന്ന പരിഗണനപോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പരാതിപ്പെടുന്നു. ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്നും മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ മന്ത്രിമാരെ ഉൾപ്പെടെ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടായിട്ടില്ല.

കോവിഡ് വൈറസ് വ്യാപനം ഉയരുമ്പോഴും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവരാണ് റേഷൻ വ്യാപാരികൾ. എന്നാൽ ഇവർക്ക് മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാൻ സർക്കാർ ഇതുവരെ സംവിധാനമൊരുക്കിയിട്ടില്ല. കുറ്റമറ്റ സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ സെർവർ-നെറ്റ്‌വർക്ക് തകരാറിൽ പലപ്പോഴും റേഷൻ മുടങ്ങാറുണ്ട്. അതിനാൽ ഉപഭോക്താക്കളുടെ തിരക്കിൽ റേഷൻ കടകളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ കഴിഞ്ഞിട്ടില്ല. അടിയന്തരമായി സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും റേഷൻ വ്യാപാരികൾ പറയുന്നു.

കഴിഞ്ഞകാല കമ്മീഷൻ കുടിശ്ശിക ലഭിക്കാത്തത് കാരണം റേഷൻ വ്യപാരികളിൽ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. സുരക്ഷാ ഉപകരണങ്ങൾ സൗജന്യമായി നൽകി, ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കോവിഡ് ബാധിച്ച വ്യാപാരികൾക്ക് ഒരു മാസത്തിൽ ലഭിക്കുന്ന കമ്മീഷൻ തുകയെങ്കിലും സൗജന്യമായി നൽകിയാൽ മാത്രമേ പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂവെന്ന് വ്യാപാരികൾ വ്യക്തമാക്കി. 10 മാസമായി റേഷൻ കടകളിലൂടെ നടത്തിയ കിറ്റ് വിതരണത്തിന്റെ കമ്മീഷനും സർക്കാർ നൽകിയിട്ടില്ല. കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്നാണ് സർക്കാർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന റേഷൻ വ്യാപാരികൾക്ക് ഇത് ഇരട്ടി പ്രഹരമാണ് നൽകുന്നത്. സർക്കാർ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് റേഷൻ വ്യാപാരികൾ. ജൂലൈ 26 നാണ് വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്.