ജി. സുധാകരനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്; പരാതിക്കാരിൽ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. സുധാകരനെതിരെ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷനു മുൻപാകെയാണ് കൂടുതൽ പരാതികൾ എത്തിയിരിക്കുന്നത്. ഈ പരാതികളിൽ അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ പരാതി നൽകിയവരിൽ ഉൾപ്പെടുന്നുണ്ടെന്നും വിവരമുണ്ട്.

തന്നെയും കുടുംബത്തെയും സുധാകരൻ അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും ശ്രമിച്ചെന്നാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നിൽ ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ടെന്നാണ് സൂചനകൾ. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് കമ്മീഷനു മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. സജി ചെറിയാൻ, എ.എം ആരിഫ് എന്നിവർ അടക്കമുള്ളവർ സ്ഥലം എംഎൽഎ എച്ച്. സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷൻ അന്വേഷിക്കുന്നത്.

ജി. സുധാകരനെതിരെ സ്ഥലം എം.എൽ.എ. എച്ച്. സലാം അടക്കമുള്ള നേതാക്കൾ പരാതി നൽകിയതോടെയാണ് പാർട്ടി അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചത്.