ലോക്ക് ഡൗൺ ലംഘിച്ച് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി രമ്യാ ഹരിദാസും സംഘവും; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: ലോക്ക് ഡൗൺ ലംഘിച്ച് പാലക്കാട്ടെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസ് എം.പിയും, മുൻ എം.എൽ.എ വി.ടി. ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നേതാക്കൾക്കെതിരെ വലിയ വിമർശനം ഉയർന്നിരിക്കുകയാണ്.

സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെ, ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഭക്ഷണം കാത്തിരിക്കുന്ന എം.പിയോട് ലോക്ക്ഡൗൺ ലംഘനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് പാഴ്‌സലിനാണ് കാത്തു നിൽക്കുന്നതെന്ന് വിശദീകരിച്ചു. എന്നാൽ പാഴ്‌സൽ വാങ്ങുന്നത് പുറത്തുനിന്നാണെന്ന് പറഞ്ഞതോടെ രമ്യ ഹരിദാസും സംഘവും പുറത്തേക്ക് പോകുന്നതും മറ്റു ടേബിളുകളിൽ ഇരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം മഴ പെയ്തിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലോക്ക് ഡൗൺ ലംഘനത്തിന് രമ്യ ഹരിദാസ് ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.