കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മന്ത്രി വി എൻ വാസവൻ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരളത്തിൽ എന്തു നടന്നാലും സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആണ് പ്രതിപക്ഷത്തിന് ഉള്ളതെന്ന് വി എൻ വാസവൻ പരിഹസിച്ചു. ഒരു പ്രമുഖ്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾ ഇത്തരം കേസ് അന്വേഷിക്കുന്നതിൽ വിദഗ്ധരാണെന്നും അവരുടെ അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ മാത്രം സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ വേണോ എന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നിയമ പരിഷ്‌കരണം നടത്തും. നിയമ നിർമാണത്തിന് മുന്നോടിയായി കരട് പുറത്തിറക്കി കഴിഞ്ഞു. എല്ലാ ജില്ലകളിലും ഇതിന്മേൽ സിറ്റിങ് നടത്തി ജനങ്ങളുടെ അഭിപ്രായം കേൾക്കും. ഈ നിയമ പരിഷ്‌കാരത്തിലൂടെ തട്ടിപ്പുകൾ അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

കരുവന്നൂർ ബാങ്കിൽ 104 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. തട്ടിപ്പ് വ്യക്തമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹകരണ വകുപ്പ് ശുപാർശ ചെയ്തത്. സഹകരണ വകുപ്പ് നേരിട്ട് വകുപ്പുതല അന്വേഷണം നടത്തി വരുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ നടപടികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ആദ്യമായിട്ടല്ല സഹകരണ ബാങ്കുകളിൽ തട്ടിപ്പു നടക്കുന്നത്. കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടത്തിയത് ഇടതുപക്ഷ ഭരണസമിതി ആണെങ്കിൽ മാവേലിക്കരയിൽ തട്ടിപ്പ് നടത്തിയത് യുഡിഎഫ് ഭരണസമിതിയുടെ കാലത്തായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ഏത് എന്നതല്ല സർക്കാർ പരിശോധിക്കുന്നതെന്നും തട്ടിപ്പിന് പിന്നിൽ ആരാണെങ്കിലും അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ബാങ്ക് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. കേരളത്തിലെ അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ കേസിൽ ഉള്ളവരെ കൃത്യമായി പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.