കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡീൻ കുര്യാക്കോസ് എംപി. കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള കേന്ദ്ര ധനസഹായത്തിനായി കേരളത്തിൽ നിന്നും അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര സഹായത്തിന് അർഹരായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ഉണ്ടെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങൾ അർഹമായ കൈകളിൽ എത്താത്ത സാഹചര്യമാണുള്ളത്. പി.എം കെയേഴ്‌സ് സ്‌കീമിൽ നിന്ന് കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയതെന്ന് അദ്ദേഹം വിശദമാക്കി.
കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടത്. 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്. പി.എം.കെയേഴ്‌സ് സ്‌കീമിൽന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഓരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.18 വയസ്സ് വരെ മാസാമാസം സ്‌റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമിൽ ലഭ്യമാകും. കേരളത്തിൽ നിന്നും ഒരു കുട്ടി പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചതായും അദ്ദേഹം പറയുന്നു.
ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണെന്ന് ഡീൻ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി.

