രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നും; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത് കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും. പ്രതിദിന രോഗബാധിതരിൽ 49.3 ശതമാനവും കേരളത്തിൽ നിന്നാണെന്നും ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 41,831 പേർക്കാണ്. ഇതിൽ 20,624 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ നിന്നാണ്. നിലവിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 541 കോവിഡ് മരണങ്ങളിൽ 80 മരണങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. 4,24,351 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. 39,258 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തു. 97.36 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.

4,10,952 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60.15 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. ആകെ 47.02 കോടി ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വിശദമാക്കുന്നു.