ഇനി ജെറി ജീവിക്കും ഈ അഞ്ചു പേരിലൂടെ; തീരാവേദനക്കിടയിലും അവയവദാനത്തിന് സമ്മതിച്ച ലിൻസിയുടെ കാൽതൊട്ട് വന്ദിച്ച് ഡോക്ടർ

jerry

തിരുവനന്തപുരം: ജീവന്റെ പാതി നഷ്ടപ്പെട്ട വേദനയിലും സഹജീവി സ്‌നേഹം കൈവെടിയാതെ ലിൻസി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ലിൻസി അനുവാദം നൽകി. ലിൻസിയുടെ തീരുമാനം കൊണ്ട് അഞ്ചു പേർക്കാണ് പുതു ജീവിതം ലഭിച്ചിരിക്കുന്നത്.

തന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളിൽക്കൂടി നിലനിന്നുപോകണമെന്ന് താനാഗ്രഹിക്കുന്നുവെന്ന ലിൻസിയുടെ വാക്കുകൾക്ക് മുന്നിൽ എങ്ങനെ നന്ദി അറിയിക്കണമെന്ന് ഡോക്ടർമാർക്ക് പോലും അറിയില്ലായിരുന്നു. ഒടുവിൽ ലിൻസിയുടെ കാൽതൊട്ട് വന്ദിച്ചാണ് ഡോ.എച്ച്.വി ഈശ്വർ ലിൻസിയോട് നന്ദി അറിയിച്ചത്.

ജൂലായ് 27-നാണ് ജെറി വർഗീസിന് സ്‌കൂട്ടറപകടത്തിൽ തലയ്ക്ക് പരിക്കേറ്റത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച ജെറിയ്ക്ക് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തന്റെ ഭർത്താവിന് ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെന്ന തിരിച്ചറിനിടെയാണ് മറ്റുള്ളവരിലൂടെ ജെറി ജീവിക്കണമെന്ന ആഗ്രഹം ലിൻസിയിലുണ്ടായത്. ഇതാണ് അവയാവ ദാനത്തിന് വഴിയൊരുക്കിയതും അഞ്ചു പേർക്ക് പുതുജീവൻ പകർന്നതും.

തീരാവേദനയ്ക്കിടയിലും ജെറിയുടെ അവയവങ്ങൾ ദാനംചെയ്യാനുള്ള ആഗ്രഹം ലിൻസി ബ്രയിൻ ഡെത്ത് സർട്ടിഫിക്കേഷൻ പാനൽ അംഗവും ശ്രീചിത്രയിലെ ന്യൂറോസർജറി വിഭാഗം തലവനുമായ ഡോ. എച്ച്.വി. ഈശ്വറിനെ അറിയിച്ചു. ജെറിയുടെ അച്ഛനും അമ്മയും ലിൻസിയുടെ തീരുമാനം അംഗീകരിച്ചു. സമൂഹത്തിനാകെ മാതൃകയായ ലിൻസിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജും നന്ദി അറിയിച്ചു. ജെറിയുടെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടുരോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയിലെ വാൽവ് ബാങ്കിൽ സൂക്ഷിക്കും.